ക്രൂരതകൾ അവസാനിപ്പിക്കാൻ മഹിഷാസുരനെ ദേവി ദുർഗ നിഗ്രഹിക്കുന്നതായാണ് ഐതിഹ്യങ്ങൾ. ഗാന്ധിയെ യഥാർത്ഥ അസുരനായാണ് കാണുന്നതെന്ന് ആൾ ഇന്ത്യ ഹിന്ദു മഹാസഭ
കൊൽക്കത്ത : കൊൽക്കത്തയിൽ ആൾ ഇന്ത്യ ഹിന്ദു മഹാസഭയുടെ ദുർഗാ പൂജ വിവാദത്തിൽ. ദുർഗാ പൂജാ പന്തലിൽ സ്ഥാപിച്ച വിഗ്രത്തിനൊപ്പം മഹിഷാസുരനായി നൽകിയത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രൂപമുള്ള വിഗ്രഹം. മഹാത്മാഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിച്ചതോടെ വലിയ വിവാദത്തിനാണ് ഹിന്ദു മഹാസഭ തിരികൊളുത്തിയിരിക്കുന്നത്. അതേസമയം കേന്ദ്രഅഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് ഗാന്ധിയുടെ മുഖമുള്ള രൂപം എടുത്തുമാറ്റി. പകരം മറ്റൊന്ന് വച്ചു.
ഹിന്ദു മഹാസഭയുടെ പ്രവർത്തിയിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു മഹിഷാസുരനായി പ്രതിഷ്ഠിച്ച് ഗാന്ധി രൂപം എടുത്ത് മാറ്റിയത്. ഗാന്ധിയെ യഥാർത്ഥ അസുരനായാണ് കാണുന്നതെന്നും അതിനാലാണ് മഹിഷാസുരനായി അദ്ദേഹത്തെ പ്രതിഷ്ഠിച്ചതെന്നും ആൾ ഇന്ത്യ ഹിന്ദു മഹാസഭ പശ്ചിമ ബംഗാൾ വർക്കിംഗ് പ്രസിഡന്റ് ചന്ദ്രചൂർ ഗോസ്വാമി പറഞ്ഞു.
undefined
കേന്ദ്രസർക്കാർ മഹാത്മാഗാന്ധിയുടെ ആശയങ്ങളെ പ്രചരിപ്പിക്കുകയാണ്. ഞങ്ങൾ മൂർത്തിയെ മാറ്റാൻ നിർബന്ധിതരായി. ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് സമ്മർദ്ദമുണ്ടായി. ഞങ്ങൾക്ക് ഗാന്ധിയെ എല്ലായിടത്തുനിന്നും മാറ്റി നേതാജിയെയും മറ്റ് സ്വാതന്ത്ര്യസമരസേനാനികളെയും നിരത്തേണ്ടി വന്നു.
ക്രൂരതകൾ അവസാനിപ്പിക്കാൻ മഹിഷാസുരനെ ദേവി ദുർഗ നിഗ്രഹിക്കുന്നതായാണ് ഐതിഹ്യങ്ങൾ പറയുന്നത്. ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിച്ച പൂജയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നെങ്കിലും പൊലീസ് അത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും താൻ അത് അനുസരിക്കുകയും ചെയ്തതായി മാധ്യമപ്രവർത്തകൻ പറഞ്ഞു. പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പൊലീസ് അദ്ദേഹത്തെ അറിയിച്ചതെന്ന് ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ ത്രിണമൂൽ കോൺഗ്രസ്, കോൺഗ്രസ് സിപിഐഎം, ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ ഹിന്ദു മഹാസഭയ്ക്കെതിരെ രംഗത്തെത്തി. അവർ സ്വയം ഹിന്ദു മഹാസഭയെന്ന് പറയുന്നു, പക്ഷേ അവർ ചെയ്യുന്നത് അതീവ ദുഃഖകരമാണ് എന്ന് ബംഗാൾ പ്രൊവിൻഷ്യൽ ഹിന്ദു മഹാസഭാ നേതാവ് പ്രതികരിച്ചു. ഇത് യാഥാർത്ഥ്യമെങ്കിൽ അങ്ങേയറ്റം നിന്ദാകരമെന്ന് ത്രിണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഗോഷ് പ്രതികരിച്ചു. രാഷ്ട്രപിതാവിനെ അപമാനിക്കുന്ന പ്രവർത്തിയാണ് ഇത്. ഇന്ത്യയിലെ ഓരോ പൗരനെയും അപമാനിക്കലാണ്. ഇത്തരമൊരു അപമാനത്തോടെ എന്താണ് ബിജെപിക്ക് പറയാനുള്ളത്. ഗാന്ധി ഘാതകൻ ഏത് പ്രത്യയശാസ്ത്രത്തിനൊപ്പമാണെന്ന് നമ്മൾക്കെല്ലാമറിയം - ഘോഷ് പറഞ്ഞു.