
മുംബൈ: സ്കൂളുകളിൽ അഞ്ചാം ക്ലാസ് വരെ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് തീരുമാനം. ഹിന്ദി ഓപ്ഷണൽ വിഷയമാകുമെന്നും മറാത്തിയും ഇംഗ്ലീഷും മുൻഗണനാ ഭാഷകളായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ അറിയിച്ചു.
ഒന്ന് മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കി ഏപ്രിൽ 16 നാണ് സർക്കാർ ഉത്തരവിറക്കിയത്. സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഈ വ്യവസ്ഥ സംസ്ഥാന സ്കൂൾ കരിക്കുലം ഫ്രെയിംവർക്ക്-2024 ൽ ഉൾപ്പെടുത്തി. പിന്നാലെ ശിവസേന ഉദ്ധവ് പക്ഷവും മഹാരാഷ്ട്ര നവനിർമ്മാൺ സേനയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർത്ത് രംഗത്തെത്തി. സർക്കാർ സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ചു.
പിന്നാലെ 'നിർബന്ധിതം' എന്ന പദം നീക്കം ചെയ്യുമെന്നും ഹിന്ദി ഓപ്ഷണൽ വിഷയമായി പഠിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മറാത്തിക്കും ഇംഗ്ലീഷിനുമൊപ്പം പഠിക്കാം. പരിഷ്കരിച്ച ഭാഷാ നയം വിശദീകരിക്കുന്ന പുതിയ സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.
നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഹിന്ദി നിർബന്ധമാക്കിയതിനെ ന്യായീകരിച്ചിരുന്നു. മറാത്തിയുടെ പ്രാധാന്യം ഇത് കുറയ്ക്കുന്നില്ലെന്ന് പറഞ്ഞു. അതേസമയം ഭാഷാ അടിച്ചേൽപ്പിക്കലിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ലക്ഷ്മികാന്ത് ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള ഭാഷാ കൺസൾട്ടേഷൻ കമ്മിറ്റി തീരുമാനത്തെ എതിർത്തു. പിന്നാലെയാണ് നിർബന്ധിതം എന്ന വാക്ക് എടുത്തുകളഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam