മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരം​ഗം? മെയ് മാസത്തിൽ അഹമ്മദ് ന​ഗർ ജില്ലയിലെ 8000ത്തിലധികം കുട്ടികൾക്ക് കൊവിഡ്

By Web Team  |  First Published May 31, 2021, 4:29 PM IST

സാം​​ഗ്ലി ന​ഗരത്തിൽ കുട്ടികൾക്കായി പ്രത്യേകം കൊവിഡ് വാർഡുകൾ തയ്യാറാക്കുന്നുണ്ട്. നിലവിൽ അഞ്ച് കുട്ടികളാണ് ഇവിടെ ചികിത്സയിലുള്ളത്. കൂടുതൽ കുട്ടികൾക്ക് ചികിത്സ നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്യുന്നുണ്ട്. 
 


മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് ​ന​ഗർ ജില്ലയിൽ മെയ് മാസത്തിൽ മാത്രം 8000 ത്തിലധികം കുട്ടികളിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡിന്റെ മൂന്നാം തരം​ഗം സംസ്ഥാനത്ത് പിടിമുറുക്കുകയാണോ എന്ന ആശങ്കയിലാണ് അധികൃതർ. കുട്ടികളെ ബാധിച്ചേക്കാവുന്ന കൊവിഡിന്റെ മൂന്നാം തരം​ഗത്തെ ചെറുക്കാനുളള തയ്യാറെടുപ്പിലാണ് മഹാരാഷ്ട്ര സർക്കാർ. സാം​​ഗ്ലി ന​ഗരത്തിൽ കുട്ടികൾക്കായി പ്രത്യേകം കൊവിഡ് വാർഡുകൾ തയ്യാറാക്കുന്നുണ്ട്. നിലവിൽ അഞ്ച് കുട്ടികളാണ് ഇവിടെ ചികിത്സയിലുള്ളത്. കൂടുതൽ കുട്ടികൾക്ക് ചികിത്സ നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്യുന്നുണ്ട്. 

'കുട്ടികൾക്കായി പ്രത്യേകം കൊവിഡ് വാർഡ് തയ്യാറാക്കുന്നുണ്ട്. അതിനാൽ കൊവിഡിന്റെ മൂന്നാം തരം​ഗം വന്നാൽ അതിന്റെ പ്രതിരോധിക്കാൻ ഞങ്ങൾ തയ്യാറാണ്. ആശുപത്രിയിലാണെന്ന തോന്നൽ കുട്ടികൾക്ക് ഉണ്ടാകാത്ത വിധത്തിലാണ് ഇവിടുത്തെ സജ്ജീകരണങ്ങൾ. സ്കൂളിലോ നഴ്സറിയിലോ ആണെന്ന തോന്നലാണ് അവർക്കുണ്ടാകുക.' ഉദ്യോ​ഗസ്ഥനായ അഭിജിത് ഭോസാല പറഞ്ഞു. അഹമ്മദ് ​ന​ഗറിലെ എണ്ണായിരത്തിലധികം കുട്ടികൾക്കും കൗമാരപ്രായക്കാർക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് അധികൃതർ ആശങ്കയിലാണ്. മൂന്നാം തരം​ഗത്തെ നേരിടാൻ ശിശുരോ​ഗവിദ​ഗ്ധരെ തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

Latest Videos

undefined

ഒറ്റ മാസം കൊണ്ട് ഇത്രയധികം കുട്ടികളിൽ കൊവിഡ് ബാധ കണ്ടെത്തിയത് അത്യന്തം ആശങ്കാ ജനകമാണെന്ന് ജില്ലാ മേധാവി രാജേന്ദ്ര ഭോസാലെ പറഞ്ഞു. കൊവിഡ് രണ്ടാം തരം​ഗത്തിൽ കിടക്കകളുടെയും ഓക്സിജന്റെയും കുറവ് അനുഭവപ്പെട്ടിരുന്നു. മൂന്നാം തരം​ഗം സംഭവിച്ചാൽ ഇത്തരം പ്രതിസന്ധികൾ ആവർത്തിക്കാൻ പാടില്ല. അതിനാൽ സ്വയം സജ്ജരാകേണ്ടതുണ്ടെന്ന് എംഎൽഎ സം​ഗ്രാം ജ​ഗ്പത് വ്യക്തമാക്കി. കൊവിഡിന്റെ രണ്ടാം തരം​ഗത്തിൽ ഏറ്റവുമധികം കൊവിഡ് രോ​ഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കൊവിഡിനെ തുടര്‍ന്ന് വളരെയധികം പ്രതിസന്ധികൾ സംസ്ഥാനത്തിന് നേരിടേണ്ടി വന്നിരുന്നു.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും 
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!