കൂടാതെ മന്ത്രിയുടെ രണ്ട് പ്രൈവറ്റ് അസിസ്റ്റന്റുമാർ, രണ്ട് ഡ്രൈവേഴ്സ്, വീട്ടിലെ പാചകക്കാരൻ എന്നിവർക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്, ഇവർ ചികിത്സയിൽ കഴിയുകയാണ്.
മുംബൈ: മഹാരാഷ്ട്രയിലെ എൻസിപി നേതാവും സാമൂഹിക വകുപ്പ് മന്ത്രിയുമായ ധനരാജ് മുണ്ഡേയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ധനജ്ഞയ് മുണ്ഡേ. ഇതിന് മുമ്പ് ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാദ്, പൊതുമരാമത്ത് മന്ത്രി അശോക് ചവാൻ എന്നിവർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് പരിശോധനാഫലം പുറത്ത് വന്നത്. അദ്ദേഹം മുംബൈയിൽ ക്വാറന്റീനിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കൂടാതെ മന്ത്രിയുടെ രണ്ട് പ്രൈവറ്റ് അസിസ്റ്റന്റുമാർ, രണ്ട് ഡ്രൈവേഴ്സ്, വീട്ടിലെ പാചകക്കാരൻ എന്നിവർക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവർ ചികിത്സയിൽ കഴിയുകയാണ്. മന്ത്രിമാരായ ജിതേന്ദ്ര അവാദും അശോക് ചവാനും രോഗബാധയിൽ നിന്ന് പൂർണ്ണ മുക്തി നേടി. കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യമാണ് മഹാരാഷ്ട്രയിലുള്ളത്. ആശുപത്രികളിലും വീടുകളിലും ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗം കൊവിഡ് ബാധിച്ചിട്ടുണ്ട്. 3590 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3607 പേരിൽ രോഗബാധ കണ്ടെത്തുകയും 152 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ 11 ദിവസങ്ങളിലായി ദിനംപ്രതി 2000 രോഗികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും 100 ലധികം പേർ മരിക്കുകയും ചെയ്യുന്നുണ്ടെന്ന് ന്യൂസ് ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് ബാധിച്ച് ഇതുവരെ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 3590 ആണ്. ഇതുവരെ 97648 പേരാണ് കൊവിഡ് ബാധിതരായിരിക്കുന്നത്.