മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരിൽ പകുതിയിലധികവും മുംബൈയിലാണ്. തമിഴ്നാട്ടിലും ഗുജറാത്തിലും രോഗികളുടെ എണ്ണം കുതിച്ചു കയറുകയുമാണ്.
ദില്ലി/മുംബൈ: 24 മണിക്കൂറിൽ 1606 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30,000 കടന്നു. ഒറ്റ ദിവസം മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് മരിച്ചത് 67 പേരാണ്. രോഗബാധിതരിൽ പകുതിയിലധികം, അതായത് 30706-ൽ 18,500 രോഗികളും മുംബൈ നഗരത്തിലാണ്.
അതേസമയം, ഗുജറാത്തിൽ രോഗികളുടെ എണ്ണം 10000 കടന്നു. ഇന്ന് 348 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതായത് ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 10989. 19 പേരാണ് 24 മണിക്കൂറിൽ മാത്രം മരിച്ചത്. ഇതോടെ, ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആകെ 625 ആയി. അതുകൊണ്ടുതന്നെ മരണനിരക്കിൽ രാജ്യത്ത് ഏറ്റവും മുകളിൽ നിൽക്കുന്നതും ഗുജറാത്താണ്.
ഇന്നലെ ഗുജറാത്തിനും മുകളിലായിരുന്നു കണക്കെങ്കിലും, തമിഴ്നാട് വീണ്ടും രോഗബാധിതരുടെ കണക്കിൽ മൂന്നാമതായി. ഇന്ന് മാത്രം തമിഴ്നാട്ടിൽ 477 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10,585 ആയി. ചെന്നൈയിൽ മാത്രം 332 പേർക്കാണ് കൊവിഡ് പുതുതായി സ്ഥിരീകരിച്ചത്. മൂന്ന് പേർക്ക് 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 74 ആയി. തമിഴ്‌നാട്ടിൽ പുതിയ രോഗികളിൽ കൂടുതലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണെന്ന് ആരോഗ്യമന്ത്രി വിജയഭാസ്കർ പറയുന്നു. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ 93 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
കേരളത്തിന്‍റെ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടിയെങ്കിലും മരണനിരക്ക് കുറവാണെന്നത് ശ്രദ്ധേയമാണ്.
ആശങ്കയായി മഹാരാഷ്ട്ര
കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ മരിച്ച 41 പേരിൽ 26 പേർ പുരുഷൻമാരായിരുന്നു. 15 പേർ സ്ത്രീകളും. 41-ൽ 24 പേർക്ക് മരണകാരണമായേക്കാവുന്ന മറ്റ് ഗുരുതര അസുഖങ്ങളുണ്ടായിരുന്നു. 27 പേർ 60-ന് മുകളിൽ പ്രായമുള്ളവരായിരുന്നു. രണ്ട് പേർ 40-ന് താഴെ പ്രായമുള്ളവർ. 12 പേരാണ് 40-നും 60-നും ഇടയിൽ പ്രായമുള്ളവരുണ്ടായിരുന്നത്.
സംസ്ഥാനത്താകെ 22,479 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നത് തന്നെ ആശങ്കയുളവാക്കുന്നതാണ്. മുംബൈയിൽ ഇന്ന് 238 പേർ രോഗമുക്തരായി എന്ന കണക്ക് മാത്രമാണ് അൽപം ആശ്വാസം തരുന്നത്.
കേസുകൾ കുത്തനെ കൂടുന്ന സാഹചര്യത്തിൽ നാലാം ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചാലും മുംബൈ, താനെ, പുനെ, മാലേഗാവ്, ഔറംഗബാദ് എന്നിവിടങ്ങളിൽ ലോക്ക്ഡൗണിന് ഒരു ഇളവും സംസ്ഥാനസർക്കാർ നൽകാനിടയില്ല. മുംബൈയ്ക്കും മഹാരാഷ്ട്രയ്ക്കുമായി പ്രത്യേക പാക്കേജ് വേണമെന്നാണ് കേന്ദ്രസർക്കാരിനോട് ശിവസേനാ സഖ്യസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.