24 മണിക്കൂറിനിടെ 49 പേർ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1068 ആയി. മുംബൈയിൽ മാത്രം 17671 കൊവിഡ് ബാധിതരുണ്ടെന്നാണ് കണക്ക്.
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29100 ആയി. ഇന്ന് മാത്രം 1576 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 49 പേർ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1068 ആയി.
മുംബൈയിൽ മാത്രം 17671 കൊവിഡ് ബാധിതരുണ്ടെന്നാണ് കണക്ക്. മുംബൈ വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം ക്വാറൻ്റീൻ സെൻററാക്കാൻ മുംബൈ കോർപ്പറേഷൻ തീരുമാനിച്ചു. മുബൈ ക്രിക്കറ്റ് അസോസിയേഷനോട് സ്റ്റേഡിയം കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2011 ൽ ഇന്ത്യ ലോകകപ്പ് വിജയം നേടിയ സ്റ്റേഡിയമാണിത്.
മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ചൈനക്ക് തൊട്ടടുത്തെത്തിയെന്നാണ് റിപ്പോർട്ട്. രോഗബാധിതരുടെ പ്രതിദിന വർധനവിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. ഒരാഴ്ചയായി പ്രതിദിനം മൂവായിരത്തിലേറെ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ ഇന്ത്യ നാളെ മറികടന്നേക്കാം എന്നാണ് വിലയിരുത്തൽ.
ഫെബ്രുവരി 18 ന് ശേഷം ചൈനയിൽ ഒരു ദിവസം പോലും ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിദിന രോഗബാധ നിരക്ക് സംബന്ധിച്ച ലോക പട്ടികയിൽ ചൈനയ്ക്ക് തൊട്ടു താഴെയാണ് ഇപ്പോൾ ഇന്ത്യ. 3.9 ശതമാനമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിദിന രോഗബാധ നിരക്ക്. രാജ്യത്തെ ആകെ കേസിൻ്റെ 33 ശതമാനവും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ മരണനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമായി.