ഏകദേശം 10 കോടിയോളം പേർ ട്രെയിനിൽ പ്രയാഗ്‌രാജിലേക്ക് പോകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്ക്ക് പ്രയാഗ്‌രാജ് റെയിൽവേ ഡിവിഷനിലെ സ്റ്റേറ്റഷനുകളിൽ പ്രത്യേക എൻട്രി, എക്സിറ്റ് സജ്ജീകരണം ഏർപ്പെടുത്തും. കുംഭമേളയ്ക്ക് ലക്ഷക്കണക്കിന് ആളുകൾ ട്രെയിനുകളിൽ യാത്ര ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏർപ്പെടുത്തുന്നത്. സന്ദർശകർ തടസമില്ലാത്ത രീതിയിൽ കുംഭമേളയിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരുക്കങ്ങളുടെ ഭാഗമായി, മകരസംക്രാന്തി, മൗനി അമാവാസി, വസന്ത പഞ്ചമി, മാഘ പൂർണിമ തുടങ്ങിയ പ്രധാന ഉത്സവങ്ങളിൽ സ്നാനം ചെയ്യാനായി അനേകം തീർഥാടകർ എത്താറുണ്ട്. ഇവർക്ക് ബുദ്ധിമുട്ടില്ലാതെ റെയിൽവേ സ്റ്റേഷനുകളിലേയ്ക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനായാണ് പ്രയാഗ്‌രാജ് റെയിൽവേ ഡിവിഷൻ എല്ലാ സ്റ്റേഷനുകളിലും പ്രത്യേക എൻട്രി, എക്സിറ്റ് റൂട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മഹാ കുംഭമേളയിൽ ഏകദേശം 45 കോടി ആളുകൾ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. ഏകദേശം 10 കോടിയോളം പേർ ട്രെയിനിൽ പ്രയാഗ്‌രാജിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനായി 3,000 പ്രത്യേക ഫെയർ ട്രെയിനുകൾ ഉൾപ്പെടെ ഏകദേശം 13,000 ട്രെയിനുകൾ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ട്.
പ്രയാഗ്‌രാജ് ജംഗ്ഷൻ സ്റ്റേഷനിലേയ്ക്ക് പ്ലാറ്റ്‌ഫോം നമ്പർ 1 വഴി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പുറത്തുകടക്കാനുള്ള വഴി സിവിൽ ലൈനിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അമിത് സിംഗ് പറഞ്ഞു. റിസർവ് ചെയ്യാത്ത യാത്രക്കാരെ പാസഞ്ചർ ഷെൽട്ടർ ഏരിയകളിലൂടെ ഉചിതമായ ട്രെയിനിലേക്കും പ്ലാറ്റ്‌ഫോമിലേക്കും എത്തിക്കും. മുൻകൂട്ടി റിസർവ് ചെയ്‌ത യാത്രക്കാർക്കായി പ്രയാഗ്‌രാജ് ജംഗ്‌ഷൻ്റെ സിറ്റി സൈഡിലുള്ള ഗേറ്റ് നമ്പർ 5-ൽ ഒരു പ്രത്യേക എൻട്രി പോയിൻ്റ് സജ്ജമാക്കിയിട്ടുണ്ട്.
നൈനി ജംഗ്ഷനിലേയ്ക്ക് സ്റ്റേഷൻ റോഡിൽ നിന്ന് മാത്രമേ പ്രവേശനം അനുവദിക്കൂ. വെയർഹൗസിലേക്കുള്ള (മാൽഗോഡം) രണ്ടാമത്തെ പ്രവേശന കവാടത്തിലൂടെ വേണം പുറത്ത് കടക്കാനെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. പ്രയാഗ്‌രാജ്-മിർസാപൂർ ഹൈവേയെ ബന്ധിപ്പിക്കുന്ന സിഒഡി റോഡ് വഴിയാണ് പ്രയാഗ്‌രാജ് ചിയോകി സ്റ്റേഷനിലേയ്ക്കുള്ള പ്രവേശനം ഒരുക്കിയിരിക്കുന്നത്. ജിഇസി നൈനി റോഡിലൂടെ പുറത്തേയ്ക്ക് പോകാം. സുബേദർഗഞ്ച് സ്റ്റേഷനിലേക്കുള്ള പ്രവേശനം ജൽവ, കൗശാംബി റോഡിൽ നിന്ന് മാത്രമേ അനുവദിക്കൂ. ജിടി റോഡിൽ നിന്ന് മാത്രമായിരിക്കും എക്സിറ്റ്.
മഹാ കുംഭമേളയ്ക്ക് എത്തുന്ന ഭക്തരെ ഉൾക്കൊള്ളുന്നതിനായി എല്ലാ പ്രയാഗ്‌രാജ് സ്റ്റേഷനുകളിലും 3,000 മുതൽ 4,000 വരെ യാത്രക്കാർക്ക് താമസിക്കാൻ കഴിയുന്ന പാസഞ്ചർ ഷെൽട്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകൾ, എടിഎമ്മുകൾ, മൊബൈൽ ടിക്കറ്റിംഗ് എന്നിവയുൾപ്പെടെ റിസർവ് ചെയ്യാതെ ടിക്കറ്റെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ഷെൽട്ടറുകളിൽ ലഭ്യമാകും. റിസർവ് ചെയ്ത യാത്രക്കാർക്ക് അവരുടെ ട്രെയിൻ എത്തുന്നതിന് 30 മിനിറ്റ് മുമ്പ് മാത്രമേ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാൻ അനുവദമുണ്ടാകുകയുള്ളൂ. വർദ്ധിച്ചുവരുന്ന തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും മേളയ്ക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുമായി പ്രയാഗ്‌രാജ് റെയിൽവേ ഡിവിഷൻ സമഗ്രമായ നടപടികളാണ് സ്വീകരിക്കുന്നത്.
READ MORE: മഹാ കുംഭമേള 2025; തട്ടിപ്പുകളിൽ നിന്ന് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ 56 അംഗ സൈബർ യോദ്ധാക്കളുടെ സംഘം