പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ ചെരിപ്പൂരി തല്ലി പെൺകുട്ടി

By Web Team  |  First Published Dec 22, 2024, 2:46 PM IST

മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്. പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് ആരോപണം.


ചെന്നൈ: തമിഴ്നാട്ടിൽ ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി. മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്. ജയിലിലെ തടവുകാരന്റെ ചെറുമകളാണ്‌ പെൺകുട്ടി. പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു. 

തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിക്കുകയായിരുന്നു. ഇവരുടെ കുടുംബം നടത്തുന്ന വഴിയോര ഭക്ഷണശാലയിലെത്തിയാണ് ബാലഗുരുസ്വാമി, പെൺകുട്ടിയോട് വീട്ടിലേക്ക് തനിച്ച് വരണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ബന്ധുക്കളെയും കൂട്ടി ജയിലറെ കാണാനെത്തിയ പെൺകുട്ടി തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഇയാളെ സസ്പെന്റ് ചെയ്യുകയും ചെയ്തു.

Latest Videos

undefined

Also Read: മുടിവെട്ട് പാതിവഴി നിർത്തി ഇറങ്ങി ഓടി; പിന്നാലെ, പോലീസുകാരനെ ഇടിച്ച് കൂട്ടുന്ന അക്രമിയെ 'ഒതുക്കി', വീഡിയോ വൈറൽ

തടവുകാരുടെ ബന്ധുക്കളായ സ്ത്രീകളോട് അടുക്കാൻ ശ്രമിക്കുന്നതും ദുരുദ്ദേശ്യത്തോടെ പെരുമാറുന്നതും  ബാലഗുരുസ്വാമി പതിവാക്കിയിരുന്നു എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ജയിൽ വകുപ്പ് ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!