മദ്രാസ് ഹൈക്കോടതി ജഡ്ജിമാർക്ക് കൊവിഡ്; മുംബൈയിൽ നിരീക്ഷണത്തിലായിരുന്നയാൾ തൂങ്ങിമരിച്ചു

By Web Team  |  First Published Jun 6, 2020, 9:49 AM IST

കൊവിഡ് രോഗബാധ ഭയന്ന് മുംബൈയിൽ ഒരാൾ ആത്മഹത്യ ചെയ്തു. നായർ ആശുപത്രിയിൽ കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 43 കാരനാണ് കുളിമുറിയിൽ തൂങ്ങി മരിച്ചത്


ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഹൈക്കോടതിയുടെ പ്രവർത്തന സമയം വീണ്ടും വെട്ടിച്ചുരുക്കി. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മറ്റ് ജഡ്‌ജിമാർ വീഡിയോ കോൺഫറൻസിലൂടെ കേൾക്കും. 

തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തി. ഒഴിവുള്ള കിടക്കകളുടേയും ഐസിയുവിൻ്റെയും പട്ടിക വെബ്സൈറ്റിൽ പരസ്യപ്പെടുത്തണം, ചികിത്സാ നിരക്ക് പ്രസിദ്ധീകരിക്കണം തുടങ്ങിയ വ്യവസ്ഥകളാണ് ഉള്ളത്. അമിത നിരക്ക് ഈടാക്കുന്നത് തടയാനാണ് നടപടി.

Latest Videos

അതേസമയം കൊവിഡ് രോഗബാധ ഭയന്ന് മുംബൈയിൽ ഒരാൾ ആത്മഹത്യ ചെയ്തു. നായർ ആശുപത്രിയിൽ കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 43 കാരനാണ് കുളിമുറിയിൽ തൂങ്ങി മരിച്ചത്. മെയ് 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആദ്യ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ഫലം കാത്തിരിക്കെയാണ് ആത്മഹത്യ. മാഹി മിൽ മത്സ്യത്തൊഴിലാളിയാണ്. ഇന്നലെ ബീഡിലും കൊവിഡ് പേടിയിൽ ഒരാൾ തൂങ്ങിമരിച്ചിരുന്നു.

അതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 294 പേരാണ് ഈ സമയത്തിനുള്ളിൽ മരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 236657 ആയി ഉയർന്നു. 6642 പേരാണ് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ലോകത്തെ ആറാമത്തെ രാജ്യമാണ് ഇപ്പോൾ ഇന്ത്യ. 
 

click me!