ഏപ്രില്‍ മുപ്പതോടെ ന്യുനമര്‍ദ്ദസാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്

By Gopika Suresh  |  First Published Apr 28, 2020, 6:16 PM IST

തെക്കന്‍ ആന്‍ഡമാന്‍ കടലിനും പ്രാന്തപ്രദേശങ്ങളിലുമായി ഏപ്രില്‍ 30 ഓട് കൂടി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ് തന്നിട്ടുണ്ട്.
 


ദില്ലി: തെക്കന്‍ ആന്‍ഡമാന്‍ കടലിനും പ്രാന്തപ്രദേശങ്ങളിലുമായി ഏപ്രില്‍ 30 ഓട് കൂടി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ് തന്നിട്ടുണ്ട്. ഏപ്രില്‍ 30 മുതല്‍ മെയ് മൂന്ന് വരെയുള്ള കാലയളവില്‍ ന്യൂനമര്‍ദ്ദം പ്രാഥമികമായി ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാനും തുടര്‍ന്ന് ഗതിമാറി വടക്ക്-കിഴക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ വശം ചേര്‍ന്ന് മ്യാന്മാര്‍ തീരത്തോട്ട് നീങ്ങാനുമാണ് സാധ്യത. ഇതിന്റെ ഫലമായി ആന്‍ഡമാന്‍ കടലിലും തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും-മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ടന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദമെന്നത്  ചുഴലിക്കാറ്റിന്റെ ആദ്യത്തെ അവസ്ഥയാണങ്കിലും എല്ലാ ന്യുനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റാകാറില്ല. 

മാഡന്‍ ജൂലിയന്‍ ആന്തോളനം അതിന്റെ മൂന്നാം ഘട്ടത്തിലാണ്. മെയ് 3 വരെ  മാഡന്‍ ജൂലിയന്‍ ആന്തോളനം ഇതേ ഘട്ടത്തില്‍ തുടരുകയും ചെയ്യും. സമുദ്ര-അന്തരീക്ഷ സംയോജിത പ്രതിഭാസമാണ് മാഡെന്‍ ജൂലിയന്‍ ആന്തോളനം (MJO). ഇത് മഴമേഘങ്ങള്‍, കാറ്റ്, മര്‍ദ്ദം എന്നിവയുടെ കിഴക്കോട്ട് നീങ്ങുന്ന അസ്വസ്ഥതയെ സൂചിപ്പിക്കുന്നു. ഈ പ്രതിഭാസം  ഉഷ്ണമേഖലാ പ്രദേശങ്ങളിലുടെ നീങ്ങുകയും ശരാശരി 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ അതിന്റെ പ്രാരംഭ സ്ഥാനത്തേക്ക് മടങ്ങുകയും ചെയ്യുന്നു. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍, മണ്‍സൂണ്‍, എല്‍-നിനോ പ്രതിഭാസം എന്നിവയെ എംജെഒ  സ്വാധീനിക്കുന്നു. ഈ എംജെഓ പ്രതിഭാസം ബംഗാള്‍ ഉള്‍ക്കടലിലെ സംവഹന പ്രക്രിയയുടെ (convective activity) വളര്‍ച്ചയെയും സഹായിക്കും. 

Latest Videos

undefined

കൂടാതെ ന്യൂനമര്‍ദ്ദം ഉണ്ടാകാന്‍ അനുബന്ധ  ഘടകങ്ങളായ സമുദ്ര താപനില, ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ താപനില സാധ്യത (heat potential), വോര്‍ട്ടിസിറ്റി, വെര്‍ട്ടിക്കല്‍ വിന്‍ഡ് ഷിയര്‍ തുടങ്ങിയവ അനുകൂലമാണ്. കൂടാതെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഗോള കാലാവസ്ഥാ പ്രവചന സിസ്റ്റം,  മോഡല്‍, നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ പ്രെഡിക്ഷന്റെ  ആഗോള കാലാവസ്ഥാ പ്രവചന സിസ്റ്റം മോഡല്‍, ഗ്ലോബല്‍ എന്‍സംബ്ള്‍ ഫോര്‍കാസറ്റ് സിസ്റ്റം, യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്, ഒക്കെ  പ്രവചിക്കുന്നത് ഏപ്രില്‍ 30 ഓട്് കൂടി തെക്കേ ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ്. ഇതെല്ലാം കണക്കിലെടുത്താണ് ന്യുനമര്‍ദ്ദ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് തരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിനെ കൂടാതെ അക്യുവെതറും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട്. 

 

click me!