'വഴികാട്ടിയെയും ഉപദേഷ്ടാവിനെയും നഷ്ടമായി'; മൻമോഹൻ സിങിനെ കുറിച്ച് രാഹുൽ ഗാന്ധി

By Web Team  |  First Published Dec 26, 2024, 11:40 PM IST

എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിങെന്ന് പ്രിയങ്ക ഗാന്ധി


ദില്ലി: തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ്  മൻമോഹൻ സിങ്. അദ്ദേഹത്തിന്‍റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ  അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കും. ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. 

എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിങെന്ന് പ്രിയങ്ക ഗാന്ധി എംപി പ്രതികരിച്ചു. രാഷ്ട്രീയത്തിന്‍റെ പരുക്കൻ ലോകത്ത് സൗമ്യനായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക കുറിച്ചു.

Latest Videos

undefined

രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങിന്‍റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു. 

ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ 92ആം വയസ്സിലാണ് മൻമോഹൻ സിങിന്‍റെ മരണം സംഭവിച്ചത്.  2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ നേതാവാണ് ഓർമ്മയാകുന്നത്.

'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി'; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!