ബോധരഹിതനായി മനോഹര്‍ കിടക്കുന്നതാണ് സഹപ്രവര്‍ത്തകര്‍ കണ്ടത്
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ (ഉദ്ധവ് താക്കറെ വിഭാഗം) പോളിംഗ് ഏജന്‍റിനെ പോളിംഗ് ബൂത്തിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വോറ്‌ലിയിലുള്ള പോളിംഗ് ബൂത്തില്‍ 62കാരനായ മനോഹര്‍ നാല്‍ഗേയാണ് മരണപ്പെട്ടത്. മനോഹറിന്‍റെ മരണകാരണം അറിവായിട്ടില്ല.
പോളിംഗ് ദിനമായ ഇന്നലെ വൈകിട്ട് ബൂത്തിലെ ശുചിമുറിയിലേക്ക് പോയ മനോഹര്‍ നാല്‍ഗേ തിരിച്ചെത്താന്‍ വൈകിയതോടെയാണ് അദേഹത്തെ തിരക്കി സഹപ്രവര്‍ത്തകര്‍ ശുചിമുറിയില്‍ എത്തിയത്. ശുചിമുറിയില്‍ ബോധരഹിതനായി മനോഹര്‍ കിടക്കുന്നതാണ് സഹപ്രവര്‍ത്തകര്‍ കണ്ടത്. ഉടനെ മനോഹറിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്‌ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കനത്ത ചൂടില്‍ മനോഹര്‍ അസ്വസ്ഥ്യനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കിയെങ്കിലും മരണകാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
അപകടമരണത്തിന് മുംബൈയിലെ എന്‍എം ജോഷി മാര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. മനോഹര്‍ നാല്‍ഗേയുടെ മരണ കാരണം എന്താണെന്നറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പായിരുന്ന ഇന്നലെ മുംബൈ നഗരത്തിലെ ആറ് മണ്ഡലങ്ങളും പോളിംഗ് ബൂത്തിലെത്തിയിരുന്നു. മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത്-വെസ്റ്റ്, മുംബൈ നോര്‍ത്ത്-ഈസ്റ്റ്, മുംബൈ നോര്‍ത്ത്-സെന്‍ട്രല്‍, മുംബൈ സൗത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത് എന്നീ മണ്ഡലങ്ങളിലാണ് തിങ്കളാഴ്‌ച വോട്ടെടുപ്പ് നടന്നത്. മഹാരാഷ്ട്ര സംസ്ഥാനത്ത് 52 ശതമാനത്തോളം വോട്ടര്‍മാര്‍ മാത്രമാണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
Read more: ബിഹാറില്‍ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം