വോട്ടര്‍ പട്ടികയില്‍ പേരില്ല, മമത ബാനര്‍ജിയുടെ അനിയന് വോട്ട് ചെയ്യാനായില്ല; തര്‍ക്കത്തിന്‍റെ ബാക്കിയോ?

By Web TeamFirst Published May 20, 2024, 7:37 PM IST
Highlights

ഹൗറ ലോക്സഭ സീറ്റിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ ചൊല്ലി ചേച്ചിയുമായുണ്ടായ തര്‍ക്കമോ ബബുന്‍ ബാനര്‍ജിക്ക് വോട്ട് ചെയ്യാനാവാത്തതിന്‍റെ കാരണം 

ഹൗറ: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ ഇളയ അനിയന് ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ട് ചെയ്യാനായില്ല. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഹൗറ മണ്ഡലത്തില്‍ ഇന്നാണ് ബബുന്‍ ബാനര്‍ജി വോട്ട് ചെയ്യണ്ടിയിരുന്നത്.

ബംഗാളിലെ ഹൗറ മണ്ഡലത്തില്‍ വോട്ടുണ്ടെന്ന് കരുതിയ ബബുന്‍ ബാനര്‍ജി പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ തന്‍റെ പേരില്ല എന്ന് അറിയുന്നത് എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ബബുന്‍റെ പ്രതികരണം തേടിയെങ്കിലും അദേഹം മൗനം പാലിച്ചു. അതേസമയം എന്തുകൊണ്ടാണ് ബബുന്‍ ബാനര്‍ജിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതെപോയത് എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചുവരികയാണെന്നും കമ്മീഷന് മാത്രമേ മറുപടി തരാനാകൂ എന്നുമാണ് തൃണമൂല്‍ വക്താവ് ശനാതനും സിംഗിന്‍റെ പ്രതികരണം. 

Latest Videos

Read more: 'സംഘര്‍ഷം, ഇവിഎം തകരാര്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, പണവിതരണം'; ബംഗാളില്‍ പരാതിപ്രളയം

ഹൗറ ലോക്‌സഭ സീറ്റിലേക്ക് സ്ഥാനാര്‍ഥിയായി തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് പരിഗണിക്കാത്തതില്‍ ബബുന്‍ ബാനര്‍ജി മുമ്പ് നീരസം അറിയിച്ചിരുന്നു. പാര്‍ട്ടി എന്നെ സ്ഥാനാര്‍ഥിയാക്കുമെന്ന് ഉറപ്പുതന്നിരുന്നു എന്നായിരുന്നു ബബുന്‍റെ വാദം. സിറ്റിംഗ് എംപി പ്രസുന്‍ ബാനര്‍ജിയെ വീണ്ടും മത്സരിപ്പിക്കാനായിരുന്നു ഹൗറയില്‍ തൃണമൂല്‍ തീരുമാനിച്ചത്. ബബുനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തത് എന്നായിരുന്നു ഇതിനോട് പാര്‍ട്ടി അധ്യക്ഷയും സഹോദരിയുമായ മമത ബാനര്‍ജിയുടെ വിശദീകരണം. ഇതോടെ ബബുന്‍ ബാനര്‍ജി സ്വതന്ത്ര സ്വാനാര്‍ഥിയായി ഹൗറ സീറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബബുന്‍ ബിജെപിയില്‍ ചേരാന്‍ ആലോചിക്കുന്നതായുള്ള അഭ്യൂഹവും സീറ്റ് നിഷേധത്തിന് പിന്നാലെയുണ്ടായി. 

ബംഗാള്‍ ഒളിംപിക് അസോസിയേഷന്‍റെയും ബംഗാള്‍ ഹോക്കി അസോസിയേഷന്‍റെയും പ്രസിഡന്‍റാണ് ബബുന്‍ ബാനര്‍ജി. ബംഗാള്‍ ബോക്‌സിംഗ് അസോസിയേഷന്‍ സെക്രട്ടറി, തൃണമൂല്‍ കോണ്‍ഗ്രസ് കായിക വിഭാഗം ചുമതലക്കാരന്‍ എന്നീ പദവികളും ബബുനുണ്ട്. 

Read more: 1951 മുതല്‍ എല്ലാ ലോക്‌സഭ തെരഞ്ഞെടുപ്പിലും മുടങ്ങാതെ വോട്ട്; 100-ാം വയസിലും പരീഖ് പോളിംഗ് ബൂത്തിലെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!