2024ല്‍ 97 കോടിയോളം! മാന്ത്രിക സംഖ്യക്കരികെ ഇന്ത്യന്‍ ജനാധിപത്യം

By Web Team  |  First Published Mar 26, 2024, 12:30 PM IST

1951-52 കാലത്ത് നടന്ന ആദ്യ ലോക്സഭ തെരഞ്ഞെടുപ്പില്‍ 17.32 കോടിയാളുകള്‍ക്കാണ് വോട്ടിംഗ് അവകാശമുണ്ടായിരുന്നത്  


ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഇലക്ഷന്‍ എന്നാണ് ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പിനുള്ള വിശേഷണം. 1999ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 61.95 കോടി പേരാണ് വോട്ടർ പട്ടികയിലുണ്ടായിരുന്നതെങ്കില്‍ 2024ല്‍ അത് 97 കോടിയോളമെത്തി നില്‍ക്കുകയാണ്.  

1951-52 കാലത്ത് നടന്ന ആദ്യ ലോക്സഭ തെരഞ്ഞെടുപ്പില്‍ 17.32 കോടി വോട്ടർമാരാണ് രാജ്യത്തുണ്ടായിരുന്നത്. അതൊരു ലോക റെക്കോർഡായിരുന്നു. ഇതില്‍ നിന്ന് 45 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1952ല്‍ തന്നെ ഇന്ത്യ പോലൊരു രാജ്യത്ത് ഇത്രത്തോളം പേർ വോട്ട് ചെയ്തത് ലോക രാജ്യങ്ങള്‍ക്കെല്ലാം വലിയ അത്ഭുതമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ കന്നി ജനാധിപത്യ വോട്ടിംഗ് വന്‍ പരാജയമാകും എന്ന് പലരും പ്രവചിച്ചിരുന്നു. 1952 പിന്നിട്ടുള്ള ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ യോഗ്യരായവരുടെ എണ്ണം രാജ്യത്ത് കുതിച്ചു. സമീപകാല കണക്കുകള്‍ പരിശോധിച്ചാല്‍ 1999ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 61.95 കോടിയാളുകളാണ് വോട്ടർ പട്ടികയിലുണ്ടായിരുന്നത്.

Latest Videos

undefined

Read more: വനിതകള്‍ കരുത്താകുന്ന ഇന്ത്യ; വനിതാ വോട്ടർമാരുടെ എണ്ണം റെക്കോർഡില്‍, കഴിഞ്ഞ 5 തെരഞ്ഞെടുപ്പിലെ കണക്കുകള്‍

2004ലെ പൊതു തെരഞ്ഞെടുപ്പില്‍ 67.14 കോടി പേരും 2009ല്‍ 71.41 കോടി പേരും വോട്ടർ പട്ടികയില്‍ ഇടംനേടി. 2014ല്‍ ചരിത്രത്തിലാദ്യമായി വോട്ട് ചെയ്യാന്‍ യോഗ്യരായവരുടെ എണ്ണം എണ്‍പത് കോടി പിന്നിട്ടു. 2014ല്‍ 81.57 കോടി വോട്ടർമാരാണ് വോട്ടർ പട്ടികയില്‍ ഇടംപിടിച്ചത്. 2019ല്‍ വീണ്ടുമുയർന്ന കണക്ക് 89.78 കോടിയിലെത്തി. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടർ പട്ടികയിലെ പൗരന്‍മാരുടെ എണ്ണം 97 കോടിക്ക് അരികെ എത്തിനില്‍ക്കുന്നു. അന്തിമ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. ഇതേ വളർച്ച തുടർന്നാല്‍ 100 കോടി വോട്ടർമാർ എന്ന മാന്ത്രിക സംഖ്യ വരും തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യ ഭേദിക്കും എന്നുറപ്പ്.   

Read more: ആരാണ് സർവീസ് വോട്ടർമാർ; പങ്കാളിക്കും മക്കള്‍ക്കും ഇത് വഴി വോട്ട് ചെയ്യാനാകുമോ?

പതിനെട്ടാം ലോക്സഭയിലേക്കാണ് തെരഞ്ഞെടുപ്പ് 2024ല്‍ നടക്കുന്നത്. രാജ്യത്തെ 543 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ്. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഏഴ് ഘട്ടം പിന്നിട്ട് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ന് വോട്ടിംഗ് നടക്കും. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!