ലോക്‌സഭ തെര‍ഞ്ഞെടുപ്പ്: 14 ശതമാനം സ്ഥാനാര്‍ഥികള്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകള്‍, 31% പേര്‍ കോടിപതികള്‍

By Web Team  |  First Published May 29, 2024, 9:34 PM IST

8360 സ്ഥാനാര്‍ഥികളില്‍ 8337 പേരുടെ വിവരങ്ങള്‍ പരിശോധിച്ചാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്


ദില്ലി: ലോക്‌സഭ തെര‍ഞ്ഞെടുപ്പ് 2024ലെ സ്ഥാനാര്‍ഥികളില്‍ 14 ശതമാനം പേര്‍ക്കെതിരെ കൊലപാതകവും ബലാല്‍സംഗവും അടക്കമുള്ള ഗുരുതര ക്രിമിനല്‍ കേസുകളുള്ളതായി റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥികളില്‍ 31 ശതമാനം പേര്‍ കോടിപതികളാണ് എന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 8360 സ്ഥാനാര്‍ഥികളില്‍ 8337 പേരുടെ വിവരങ്ങള്‍ പരിശോധിച്ചാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡിന്‍റെ റിപ്പോര്‍ട്ട്. 1643 സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകളുള്ളത്. ഇതില്‍ 1191 പേര്‍ക്കെതിരെയുള്ളത് രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കുന്ന ഗുരുതര ക്രിമിനല്‍ കേസുകളാണ്. ഈ തെരഞ്ഞെടുപ്പിലെ 40 സ്ഥാനാര്‍ഥികള്‍ക്കെതിരെ കൊലപാതക കേസും 173 പേര്‍ക്കെതിരെ കൊലപാതകശ്രമ കേസുകളും 197 പേര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളും 16 പേര്‍ക്കെതിരെ ബലാല്‍സംഗ കേസുകളുമുണ്ട്. 

Latest Videos

2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ 7928 സ്ഥാനാര്‍ഥികളില്‍ 1070 പേരാണ് ഗുരുതര ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയിലുണ്ടായിരുന്നത്. 2014ല്‍ ഇത് 8205 സ്ഥാനാര്‍ഥികളില്‍ 908 പേരും 2009ല്‍ 7810ല്‍ 608 പേരുമായിരുന്നു. 

ഇത്തവണ ആകെ സ്ഥാനാര്‍ഥികളുടെ 31 ശതമാനം, അഥവാ 2572 പേരാണ് കോടിപതികളായ സ്ഥാനാര്‍ഥികള്‍. 2019ല്‍ കോടിപതികളായ സ്ഥാനാര്‍ഥികളുടെ എണ്ണം 2297 ഉം, 2014ല്‍ 2217 ഉം 2009ല്‍ 1249 ഉം ആയിരുന്നു. ഇക്കുറി ബിജെപിയുടെ 403 സ്ഥാനാര്‍ഥികള്‍ കോടിപതികളാണ്. കോണ്‍ഗ്രസിന് 292 കോടിപതികളായ സ്ഥാനാര്‍ഥികള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ലുണ്ട്. ഇത്തവണ ആകെ സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്‌തി 6.23 കോടി രൂപയാണെങ്കില്‍ 2019ല്‍ ഇത് 4.14 കോടിയായിരുന്നു. 

Read more: ബംഗാളില്‍ കരുത്തറിയിച്ച് ഇടതുപക്ഷത്തിന്‍റെ റാലിയോ ഇത്, വീഡിയോ വിശ്വസിക്കാമോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!