വയനാടിനൊപ്പം, റായ്ബറേലിയിലും നേടിയ മൃഗീയ ഭൂരിപക്ഷം ഹിന്ദി ഹൃദയ ഭൂമിയിലേക്കുള്ള രാഹുലിന്‍റെ ശക്തമായ തിരിച്ചു വരവാണ്.
ദില്ലി: നരേന്ദ്രമോദിക്കെതിരെ വലിയ പോരാട്ടം നടത്തി രാഹുല്‍ ഗാന്ധി വീണ്ടും താരമാകുകയാണ്. വയനാടിനൊപ്പം, റായ്ബറേലിയിലും നേടിയ മൃഗീയ ഭൂരിപക്ഷം ഹിന്ദി ഹൃദയ ഭൂമിയിലേക്കുള്ള രാഹുലിന്‍റെ ശക്തമായ തിരിച്ചു വരവാണ്. ഭാരത് ജോഡോയാത്രയടക്കം നടത്തി സ്വയം നവീകരിച്ച രാഹുലിന്‍റെ നയങ്ങളും പരിപാടികളും സാധാരണക്കാര്‍ ഏറ്റെടുത്തതിന്‍റെ തെളിവ് കൂടിയാണ് കോണ്‍ഗ്രസും, ഇന്ത്യ സഖ്യവും നടത്തിയ മുന്നേറ്റം.
മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രചാരണ റാലികളില്‍ വലിയ ആവേശം ഇക്കുറിയുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ രാഹുലും അഖിലേഷും നടത്തിയ റാലികളിലെ ജനപങ്കാളിത്തം സഖ്യത്തിന് താഴേക്ക് കിട്ടിയ സ്വീകാര്യതയുടെ തെളിവായിരുന്നു. ചാര്‍ സൗ പാര്‍ മുദ്രാവാക്യത്തില്‍ മാത്രം കറങ്ങിയ മോദിയെ സംവരണം വിഷയം സജീവ ചര്‍ച്ചയാക്കി മുള്‍മുനയില്‍ നിര്‍ത്താന്‍ രാഹുലിന് കഴിഞ്ഞു. രാഹുല്‍ ഗാന്ധി തന്നെ നൂറിലധികം റാലികളില്‍ പങ്കെടുത്തു. ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസ് പരമാവധി വിട്ടുവീഴ്ച ചെയ്തു. ചരിത്രത്തിലാദ്യമായി 330 സീറ്റുകളില്‍ മാത്രം കോണ്‍ഗ്രസ് ഇക്കുറി മത്സരിച്ചത് രാഹുലിന്‍റെ തീരുമാനമായിരുന്നു. വയനാടിന് പുറമെ വടക്കേ ഇന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. സുരക്ഷിത സീറ്റില്‍ മത്സരിച്ചുവെന്ന ആക്ഷേപം നേരിട്ടെങ്കിലും റായ്ബറേലിയില്‍ രാഹുല്‍ നേടിയ നാല് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം അതിന്‍റെ മുനയൊടിക്കുന്നതാണ്.
കുടുംബത്തിന്‍റെ വിശ്വസ്തനായ കിഷോറിലാല്‍ ശര്‍മ്മയെ ഇറക്കി സ്മൃതി ഇറാനിയെ നേരിടാനുള്ള തീരുമാനവും രാഹുലിന്‍റേതായിരുന്നു. അതെല്ലാം ശരിയെന്ന് വ്യക്തമാക്കുന്നതാണ് ഈ മുന്നേറ്റം. ഖര്‍ഗെയെ മുന്നില്‍ നിര്‍ത്തി ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയ രാഹുലിനെ ഈ വിജയം കൂടുതല്‍ കരുത്തനാക്കും. പാര്‍ട്ടി വിട്ടുപോയവരെ രണ്ടാമത് ചിന്തിപ്പിക്കുന്നത് കൂടിയാണ് കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ നടത്തിയ തിരിച്ചുവരവ് വടക്കേ ഇന്ത്യയിലാകെ തളിര്‍ക്കാന്‍ കോണ്‍ഗ്രസിന് അവസരമാണ്. കരുത്ത് ചോരുന്ന മോദിക്ക് മുന്നില്‍ പാര്‍ട്ടിയെ പിടിച്ചുനിര്‍ത്താന്‍ ഇപ്പോഴത്തെ മുന്നേറ്റം രാഹുലിനെ സഹായിക്കും. തെക്കേ ഇന്ത്യയിലേക്ക് കൂടുതല്‍ കടന്ന് കയറാനുള്ള മോദിയുടെ നീക്കങ്ങളെ പ്രതിരോധിക്കാനായതും രാഹുലിന്‍റെയും ഇന്ത്യ സഖ്യത്തിന്‍റെയും വിജയമാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചാലും, പ്രതിപക്ഷത്തിരുന്നാലും എഴുതി തള്ളാന്‍ നടന്ന ശ്രമങ്ങളെ അതിജീവിച്ച് രാഹുല്‍ വീണ്ടും എത്തുകയാണ്.