ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദി, തുടർ നീക്കങ്ങള്‍ നാളെ തീരുമാനിക്കും; രാഹുൽ

By Web Team  |  First Published Jun 4, 2024, 9:29 PM IST

ഉത്തർപ്രദേശിലെ ജനങ്ങൾ ബിജെപിക്ക് തക്ക മറുപടി നൽകിയെന്നും ഉത്തർപ്രദേശിലെ വിജയത്തിൽ പ്രിയങ്കക്കും അവകാശമുണ്ടെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെയും തകർക്കാൻ മോദിയേയും അമിത് ഷാ യേയും അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


ദില്ലി: ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദിയെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. വയനാട്ടിലും റായ്ബറേലിയിലും മിന്നുന്ന വിജയം നേടിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി. നടന്നത് മോദിക്കും അമിത് ഷാക്കുമെതിരായ പോരാട്ടമെന്ന് പറഞ്ഞ രാഹുൽ ​ഗാന്ധി രാജ്യത്തെ തകർക്കാൻ മോദിയെയും അമിത് ഷായെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കും കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും റായ്ബറേലിയിലും വയനാട്ടിലെയും വോട്ടർമാർക്കും രാഹുൽ ​ഗാന്ധി നന്ദി അറിയിച്ചു. ഭരണഘടന സ്ഥാപനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടണ്ണൽ ഫലം പുറത്തുവന്നതിന് ശേഷമുള്ള ഭാവി നീക്കങ്ങൾ തീരുമാനിക്കാൻ ഇന്ത്യ സഖ്യം നാളെ യോ​ഗം ചേരും. അദാനിയും മോദിയും തമ്മിൽ അഴിമതി ബന്ധമാണുള്ളത്. ഈ വിജയം സമ്മാനിച്ചത് സാധാരണക്കാരാണ്. സഖ്യകക്ഷികളുമായി ആലോചിച്ച് ഭാവി നീക്കം തീരുമാനിക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. സർക്കാർ രൂപീകരണത്തിൽ അവകാശം ഉന്നയിക്കുമോ പ്രതിപക്ഷത്തിരിക്കുമോയെന്നും നാളെ തീരുമാനിക്കും. ഏത് മണ്ഡലം തെരഞ്ഞെടുക്കണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ഒന്നിലേ തുടരാൻ കഴിയൂ എന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. 

Latest Videos

ബിജെപി വ്യക്തികളെ ബഹുമാനിക്കില്ലെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. 40 വർഷമായി കിഷോറി ലാൽ ശർമ്മ അമേഠിയിലുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ജനം തെരഞ്ഞെടുത്തത്. കിഷോറിലാൽ ശർമ്മയെ അഭിനന്ദിക്കുന്നു. ഉത്തർപ്രദേശിലെ ജനങ്ങൾ ബിജെപിക്ക് തക്ക മറുപടി നൽകിയെന്നും ഉത്തർപ്രദേശിലെ വിജയത്തിൽ പ്രിയങ്കക്കും അവകാശമുണ്ടെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. ഈ രാജ്യത്തെ തകർക്കാൻ മോദിയേയും അമിത് ഷാ യേയും അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പത്തനംതിട്ടയിലെ തോല്‍വി അപ്രതീക്ഷിതം, കേരളത്തില്‍ ബിജെപി ജയിച്ചത് ആപത്ത്: തോമസ് ഐസക്

 

click me!