ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡുകളിലൊന്ന് ഇത്തവണ തകരുമോ എന്ന് ആകാംക്ഷ
ദില്ലി: ബിജെപിയും എന്‍ഡിഎയും മഹാഭൂരിപക്ഷവുമായി അധികാരത്തില്‍ തുടര്‍ന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു 2019ലേത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കോ ആയിരുന്നില്ല. ഗുജറാത്തിലെ നവ്സാരിയില്‍ നിന്ന് വിജയിച്ച സി ആർ പാട്ടീലാണ് 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോര്‍ഡ് പേരിലാക്കിയത്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷവുമായി ഇത് മാറി.
Read more: എക്കാലത്തെയും റെക്കോര്‍ഡിട്ട രാഹുല്‍ ഗാന്ധി; സ്വന്തം റെക്കോര്‍ഡ് തിരുത്തിയ പി കെ കുഞ്ഞാലിക്കുട്ടി
2019 പൊതു തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ നവ്‌സാരി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി ആര്‍ പാട്ടീല്‍ 6,89,688 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നവ്‌സാരിയില്‍ പാട്ടീലിന്‍റെ ഹാട്രിക് ജയമായിരുന്നു ഇത്. സി ആര്‍ പാട്ടീല്‍ 972,739 വോട്ടുകള്‍ നേടിയപ്പോള്‍ പ്രധാന എതിരാളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ധര്‍മ്മേഷ്‌ബായ് ഭീംബായ് പട്ടേല്‍ 2,83,071 വോട്ടുകളില്‍ ഒതുങ്ങി. ബിഎസ്‌പിയുടെ വിനീത അനുരുദ്ധ് സിംഗിന് വെറും 9,366 വോട്ടുകളെ ലഭിച്ചുള്ളൂ. 2024ലും സി ആര്‍ പാട്ടീല്‍ തന്നെയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് എതിരാളിയെ പ്രഖ്യാപിച്ചിട്ടില്ല. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 5,58,116 വോട്ടിനും 2009ല്‍ 1,32,643 വോട്ടിനും സി ആര്‍ പട്ടേല്‍ നവ്‌സാരിയില്‍ വിജയിച്ചിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും പാട്ടീല്‍ തന്‍റെ ഭൂരിപക്ഷം ഉയര്‍ത്തുകയായിരുന്നു എന്ന് വ്യക്തം. 2020 മുതല്‍ ബിജെപി ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് സി ആര്‍ പാട്ടീല്‍.
Read more: കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ലോക്‌സഭയിലെത്തിയത് ആരൊക്കെ? അവര്‍ അഞ്ച് പേര്‍
ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോര്‍ഡിന് 2019ല്‍ സി ആര്‍ പാട്ടീല്‍ അരികിലെത്തിയെങ്കിലും ഭേദിക്കാനായില്ല. മഹാരാഷ്ട്രയിലെ ബീഡ് ലോക്‌സഭ മണ്ഡലത്തില്‍ 2014 ഒക്ടോബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രീതം ഗോപിനാഥ് മുണ്ടെ നേടിയ 6,96,321 വോട്ടുകളുടെ ഭൂരിപക്ഷം തകരാതെനിന്നു. പിതാവും ബിജെപിയുടെ കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ ആകസ്മിക മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകള്‍ പ്രീതം മുണ്ടെ, ഗോപിനാഥിന്‍റെ തട്ടകം തന്നെയായിരുന്ന ബീഡ് മണ്ഡലത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്. പ്രീതം മുണ്ടെയ്ക്ക് 9,22,416 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രധാന എതിരാളിയായ അശോക്‌റാവു ഷങ്കറാവു പാട്ടീലിന് 2,26,095 വോട്ടുകളെ നേടാനായുള്ളൂ. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ പ്രീതം മുണ്ടെയുടെ ഭൂരിപക്ഷം 1,68,368 ആയി കുറഞ്ഞു. 2024ല്‍ പ്രീതം മുണ്ടെയുടെ ഓള്‍ടൈം റെക്കോര്‍ഡ് സി ആര്‍ പാട്ടീല്‍ തകര്‍ക്കുമോ എന്ന് കാത്തിരുന്നറിയാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം