നായിഡുവിന് 931 കോടി, പിണറായിക്ക് 1.18 കോടി, ഏറ്റവും കുറവ് മമതയ്ക്ക്- 15 ലക്ഷം

By Sangeetha KS  |  First Published Dec 31, 2024, 12:02 PM IST

31 മുഖ്യമന്ത്രിമാരുൾപ്പെടെ 1630 കോടി രൂപയുടെ ആസ്തിയുള്ള പട്ടികയാണ് എഡിആർ പുറത്തുവിട്ടത്.


ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്തു വിവരങ്ങൾ പുറത്തു വിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ). നിലവിൽ രാജ്യത്തെ ഏറ്റവും കുറവ് സാമ്പത്തിക ശേഷിയുള്ള മുഖ്യമന്ത്രി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെന്ന് റിപ്പോർട്ട്. 15 ലക്ഷം രൂപയുടെ ആസ്തിയാണ് മമത ബാനർജിക്കുള്ളതെന്നാണ് കണക്ക്. 

55 ലക്ഷം രൂപ ആസ്തിയോടെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 1.18 കോടിയുമായി ഏറ്റവും കുറവ് സമ്പത്തുള്ള മുഖ്യമന്ത്രിമാരുടെ ലിസ്റ്റിൽ ഇടം നേടി. 31 മുഖ്യമന്ത്രിമാരുൾപ്പെടെ 1630 കോടി രൂപയുടെ ആസ്തിയുള്ള പട്ടികയാണ് എഡിആർ പുറത്തുവിട്ടത്. പുറത്തു വിട്ട ലിസ്റ്റിൽ 31 മുഖ്യമന്ത്രിമാരിൽ രണ്ടുപേർ മാത്രമാണ് സ്ത്രീകൾ. പശ്ചിമ ബംഗാളിൽ നിന്ന് മമത ബാനർജിയും ഡൽഹിയിൽ നിന്ന് അതിഷി മർലേനയുമാണ് ലിസ്റ്റിലുള്ളത്.

Latest Videos

2023- 2024 കാലയളവിൽ ഇന്ത്യയുടെ പ്രതിശീർഷ ദേശീയ വരുമാനം 1,85,854 രൂപയും ഒരു മുഖ്യമന്ത്രിയുടെ ശരാശരി സ്വയംവരുമാനം 13,64,310 രൂപയാണെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ ശരാശരി പ്രതിശീർഷ വരുമാനത്തിൻ്റെ 7.3 ഇരട്ടിയാണെന്ന് റിപ്പോർട്ട് പറയുന്നു. സംസ്ഥാന അസംബ്ലികളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള  മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണ്. 

അതേ സമയം 931 കോടിയിലധികം ആസ്തിയുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയെന്ന് റിപ്പോർട്ടിലുണ്ട്. 332 കോടിയിലധികം ആസ്തിയുള്ള അരുണാചൽ പ്രദേശിലെ പേമ ഖണ്ഡു ലിസ്റ്റിൽ രണ്ടാമതും 51 കോടിയുമായി  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ലിസ്റ്റിൽ മൂന്നാമതുമാണ്.

അതേ സമയം ഇന്ത്യയിലെ ഏറ്റവും കൂടുതൽ‍ ബാധ്യതയുള്ള മുഖ്യമന്ത്രി പേമ ഖണ്ഡുവാണ്. 118 കോടി രൂപയിലധികം ബാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിദ്ധരാമയ്യക്ക് 23 കോടി രൂപയും ചന്ദ്ര ബാബു നായിഡുവിന് 10 കോടിയിലധികം രൂപ ബാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

'154 ദിവസം കഴിഞ്ഞാണോ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടത്?' പ്രാഥമിക സഹായം പോലും ലഭിച്ചില്ലെന്ന് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!