കര്‍ണാടകയിലെ ഹിജാബ് വിലക്ക്, കേസ് ഭരണഘടനാ ബെഞ്ചിന് വിടണം, ചീഫ് ജസ്റ്റിസിന് കത്ത്

By Web Team  |  First Published Oct 14, 2022, 8:44 AM IST

മൂന്നംഗ ബെഞ്ചിന് പരിഗണിക്കാൻ കഴിയാത്ത വിഷയങ്ങളുണ്ടെന്ന് അസോസിയേഷൻ കത്തില്‍ പറയുന്നു.


ദില്ലി: ഹിജാബ് വിലക്ക് കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്. ഓൾ ഇന്ത്യ ബാർ അസോസിയേഷനാണ് കത്ത് നല്‍കിയത്. മൂന്നംഗ ബെഞ്ചിന് പരിഗണിക്കാൻ കഴിയാത്ത വിഷയങ്ങളുണ്ടെന്ന് അസോസിയേഷൻ കത്തില്‍ പറയുന്നു. കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിൽ വിഭിന്ന വിധികളാണ്  ജസ്റ്റിസ് ഹേമന്ത് ഗുപ്ത , ജഡ്ജിയായ ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരിടങ്ങിയ ബെഞ്ചിൽ നിന്നുണ്ടായത്. ഹിജാബ് വിലക്ക് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചപ്പോൾ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് സുധാൻഷു ധൂലിയ വിലക്ക് റദ്ദാക്കി.

ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരം അല്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. ഇക്കാര്യത്തിൽ കർണ്ണാടക ഹൈക്കോടതി വിധിയോട് യോജിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ധരിക്കാനുള്ള ഉത്തരവാദിത്തം വിദ്യാർത്ഥികൾക്കുണ്ടെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിച്ചു. മതേതരത്വം എല്ലാ പൗരന്മാർക്കും ബാധകമാണ്. എന്നാൽ ഒരു മത സമൂഹത്തെ  മാത്രം അവരുടെ വസ്ത്രങ്ങളും, മതചിഹ്നങ്ങളും ധരിക്കാൻ  അനുവദിക്കുനത് മതേതരത്വത്തിന് വിരുദ്ധമാകുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി പ്രസ്താവം. യൂണിഫോം തുല്യതയും സമത്വവും ഉറപ്പാക്കാൻ സഹായിക്കുമെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിൽ പറയുന്നു.  

Latest Videos

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽഹിജാബ് മാറ്റാൻ പറയുന്നത് അന്തസിന് നേരെയുള്ള ആക്രമണമെന്നാണ് ജസ്റ്റിസ് സുധാൻഷു ധൂലിയ തന്‍റെ വിധിയിൽ വ്യക്തമാക്കുന്നത്. ഇത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്. ഹിജാബ് പല പെൺകുട്ടികൾക്കും പഠിക്കാനുള്ള ടിക്കറ്റാണ്. ഇതില്ലെങ്കിൽ യാഥാസ്ഥിതിക കുടുംബങ്ങൾ സ്കൂളിൽ വിടില്ലെന്നും വിധി പരാമാർശിക്കുന്നുണ്ട്. ഭിന്ന വിധി വന്ന സാഹചര്യത്തിൽ ഹർജികൾ മൂന്നംഗ ബഞ്ചിന് വിടണോഎന്നത് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം. മതാചാരം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉയർന്നതിനാൽ ഭരണഘടനാ ബഞ്ച് വേണോ എന്ന കാര്യവും ചീഫ് ജസ്റ്റിസിന് ആലോചിക്കാം. ഹിജാബ് വിലക്കിന് കോടതി സ്റ്റേ നല്‍കിയിട്ടില്ല. അതായത് സുപ്രീംകോടതിയുടെ അന്തിമ തീരുമാനം നീളുമെങ്കിലും അതുവരെ കർണ്ണാടകയിലെ ഹിജാബ് വിലക്ക് തുടരും.  

click me!