'ഡിസിപിയും ഉദ്യോഗസ്ഥരും പീഡിപ്പിച്ചു', വനിതാ പൊലീസുകാരുടെ പേരിലുള്ള കത്ത് വെെറൽ; വ്യാജമെന്ന് മുംബെെ പൊലീസ്

By Web Team  |  First Published Jan 8, 2024, 12:27 PM IST

'ഡിസിപിയുടെ ഔദ്യോഗിക വസതിയില്‍ എത്തിച്ചാണ് മൂന്നു പേരും ലൈംഗികമായി പീഡിപ്പിച്ചത്. ഡിസിപി ഓഫീസിനുള്ളില്‍ വച്ചും ബലാത്സംഗത്തിനിരയാക്കി.' ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും കത്തിൽ പറയുന്നു. 


മുംബൈ: ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും മോട്ടോര്‍ വാഹന വകുപ്പിലെ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ലൈംഗികമായി പീഡിപ്പിച്ചെന്ന രീതിയില്‍ എട്ടു വനിതാ പൊലീസുകാരുടെ പേരിലുള്ള കത്ത് വ്യാജമെന്ന് നിഗമനം. തങ്ങള്‍ അത്തരമൊരു കത്ത് എഴുതിയിട്ടില്ലെന്നും അത്തരം സംഭവം നേരിട്ടിട്ടില്ലെന്നും വനിതാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മുംബൈ പൊലീസ് അറിയിച്ചു. 

'സംഭവം ഗുരുതരമാണ്. കത്ത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തില്‍ പേരുള്ള എട്ടു വനിതാ ഉദ്യോഗസ്ഥരില്‍ ആറും പേരും അത്തരമൊരു കത്ത് എഴുതിയിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ അവധിയിലാണ്. ആരാണ് കത്ത് എഴുതിയതെന്നത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.' മാതുംഗ മേഖലയില്‍ നിന്ന് സ്പീഡ് പോസ്റ്റ് വഴിയാണ് കത്ത് അയച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എ ജയ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Latest Videos

ശനിയാഴ്ചയാണ് ആഭ്യന്തരവകുപ്പിനെ ഞെട്ടിച്ച് കൊണ്ടുള്ള കത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മുംബൈ പൊലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്കും കത്തിന്റെ പകര്‍പ്പ് ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വസതികളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വനിതാ പൊലീസുകാരുടെ പേരിലുള്ള കത്തില്‍ പറയുന്നത്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും മൂന്ന് പേജിലുള്ള കത്തില്‍ പറയുന്നു. ''പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരായത് കൊണ്ട് അവര്‍ തങ്ങളെ മുതലെടുക്കുകയായിരുന്നു. ഡിസിപിയുടെ ഔദ്യോഗിക വസതിയില്‍ എത്തിച്ചാണ് മൂന്നു പേരും ഞങ്ങളെ ലൈംഗികമായി പീഡിപ്പിച്ചത്. ഡിസിപി ഓഫീസിനുള്ളില്‍ വച്ചും ബലാത്സംഗത്തിനിരയാക്കി. ബലാത്സംഗ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. രാത്രിയില്‍ മദ്യലഹരിയില്‍, ഞങ്ങളോട് നഗ്നചിത്രങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടു.''-കത്തില്‍ പറയുന്നു.

അതേസമയം, കത്ത് സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചതോടെ ഭയത്തിലാണ് തങ്ങളെന്ന് വനിതാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. കുടുംബത്തില്‍ നിന്നും മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. കത്തിലെ ഉള്ളടക്കം ശരിയാണെന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്. ബലാത്സംഗം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് ഉദ്യോഗസ്ഥരെയും കണ്ടിട്ടില്ല. സംഭവത്തില്‍ പരാതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് എഴുതിയതായി സംശയിക്കുന്നവരുടെ പേരുകള്‍ സൂചിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച തന്നെ പരാതി നല്‍കാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥ പറഞ്ഞു. 

'മലയാളിയുടെ വിദേശ കുടിയേറ്റം ഗതികേട് കൊണ്ടല്ല...' കാരണം പറഞ്ഞ് മന്ത്രി രാജേഷ് 
 

tags
click me!