രാജ്യത്ത് വാക്സിനെടുത്തവരില്‍ കൊവിഡ് ബാധയേറ്റവരുടെ എണ്ണം 0.05 ശതമാനത്തിനും താഴെ

By Web Team  |  First Published Aug 14, 2021, 9:51 AM IST

ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇപ്പോള്‍ നിലവില്‍ നല്‍കുന്ന മൂന്ന് വാക്സിനുകളിലും ആനുപാതികമായ തോതില്‍ വാക്സിന് ശേഷമുള്ള രോഗബാധയുണ്ട് എന്നാണ്. 


ദില്ലി: രാജ്യത്ത് കൊവിഡിനെതിരായ വാക്സിനേഷന്‍ പുരോഗമിക്കവേ, ഇതുവരെ വാക്സിനെടുത്തവരില്‍ കൊവിഡ് ബാധയേറ്റവരുടെ എണ്ണം 0.048 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 53.14 കോടിപ്പേര്‍ക്കാണ് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിയത്. വാക്സിന്‍ നല്‍കിയ ശേഷം കൊവിഡ് വന്നവരുടെ എണ്ണം ഇതില്‍ 2.6 ലക്ഷമാണ്. ഇതില്‍ തന്നെ 1.72 ലക്ഷം പേര്‍ ഒറ്റഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. 87,049 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.

ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇപ്പോള്‍ നിലവില്‍ നല്‍കുന്ന മൂന്ന് വാക്സിനുകളിലും ആനുപാതികമായ തോതില്‍ വാക്സിന് ശേഷമുള്ള രോഗബാധയുണ്ട് എന്നാണ്. ഇത്തരം വൈറസ് ബാധകളെ 'ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍' എന്നാണ് വിളിക്കുന്നത്. രാജ്യത്തെങ്ങുമുള്ള ഇത്തരം രോഗബാധകളെ സമഗ്രമായി പഠിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. 

Latest Videos

undefined

അന്താരാഷ്ട്രതലത്തില്‍ അടക്കം കൊവിഡ് വൈറസ് ഡെല്‍റ്റ ഭഗഭേദം വലിയ വെല്ലുവിളിയാകുന്ന സമയത്ത് ഇത്തരം ഒരു പഠനം അത്യവശ്യമാണ് എന്നാണ് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ മാത്രം വാക്സിനെടുത്തവരില്‍ 40,000 പേര്‍ക്ക് വീണ്ടും കൊവിഡ് വന്നു. അതില്‍ തന്നെ പകുതി കേസുകള്‍ പത്തനംതിട്ട ജില്ലയിലാണ്. അതില്‍ തന്നെ 5,042 പേര്‍ രണ്ട് ഡോസും എടുത്തവരാണ്. 

കഴിഞ്ഞ മാസം ഐസിഎംആര്‍ പ്രസിദ്ധീകരിച്ച പഠനം പ്രകാരം,  'ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍' കേസുകളില്‍ മരണനിരക്ക് കുറവും, ആശുപത്രി കേസുകള്‍ കുറവാണെന്നും കണ്ടെത്തിയിരുന്നു. അതേ സമയം ഇതേ പഠനത്തില്‍  'ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍' കേസുകളില്‍ 86 ശതമാനം ഉണ്ടാക്കുന്നത് ഡെല്‍റ്റ ഭഗഭേദമാണ് എന്നും പറയുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!