ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്ക് സമീപമുള്ള ജംഗിൾ സഫാരി പാർക്കിലാണ് പുള്ളിപ്പുലി ഇറങ്ങിയത്.
ഗാന്ധിനഗർ: ഏകതാ പ്രതിമയ്ക്ക് സമീപം (സ്റ്റാച്യു ഓഫ് യൂണിറ്റി) കൃഷ്ണമൃഗത്തെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. മറ്റ് 7 കൃഷ്ണമൃഗങ്ങൾ പുള്ളിപ്പുലിയുടെ ആക്രമണത്തെ തുടർന്നുണ്ടായ ഞെട്ടലും പരിഭ്രാന്തിയും കാരണം ഓടിയപ്പോൾ ഷോക്കേറ്റ് ചത്തെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പാർക്ക് 48 മണിക്കൂർ താൽക്കാലികമായി അടച്ചിട്ടു.
ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്ക് സമീപമുള്ള ജംഗിൾ സഫാരി പാർക്കിൽ കയറിയ പുള്ളിപ്പുലി കൃഷ്ണമൃഗത്തെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. കെവാഡിയ ഫോറസ്റ്റ് ഡിവിഷൻ്റെ പരിധിയിൽ സ്ഥിതി ചെയ്യുന്ന പാർക്ക് വേലി കെട്ടി സംരക്ഷിച്ചിരുന്നു. എന്നാൽ, പാർക്കിന്റെ വേലികൾ മറികടന്നാണ് 2 വയസ്സിനും 3 വയസ്സിനും ഇടയിൽ പ്രായമുള്ള പുള്ളിപ്പുലി അകത്ത് കയറിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയ്‌ക്ക് സമീപമുള്ള പ്രധാന ആകർഷണമാണ് ജംഗിൾ സഫാരി പാർക്ക്. പുള്ളിപ്പുലികൾ നിരവധിയുള്ള ശൂൽപനേശ്വർ വന്യജീവി സങ്കേതത്തിലെ ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ടാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. ചുറ്റുപാടുമുള്ള വനങ്ങളിൽ പുള്ളിപ്പുലിയുടെ സഞ്ചാരം സാധാരണമാണെങ്കിലും സഫാരി പാർക്കിൽ പ്രവേശിക്കുന്നത് ഇത് ആദ്യത്തെ സംഭവമാണെന്ന് കെവാഡിയ ഡിവിഷൻ്റെ മേൽനോട്ടം വഹിക്കുന്ന ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) അഗ്നിവീർ വ്യാസ് പറഞ്ഞു.
ജനുവരി ഒന്നിന് പുലർച്ചെയാണ് സംഭവം നടന്നത്. 400-ലധികം സിസിടിവി ക്യാമറകളാണ് പാർക്കിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇവയിൽ നിന്നാണ് പുള്ളിപ്പുലിയുടെ സാന്നിധ്യം അതിവേഗം കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വേഗത്തിൽ ഇടപെട്ടതോടെ പുള്ളിപ്പുലി ഓടിമറഞ്ഞു. എന്നാൽ, പുലി സഫാരി പാർക്കിൽ നിന്ന് പൂർണമായി പുറത്തുപോയോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജനുവരി മൂന്നിന് പാർക്ക് തുറന്നെങ്കിലും പുള്ളിപ്പുലി തിരിച്ചെത്തുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.