“ ശക്തമായ പൊട്ടിത്തെറിയാണ് ഉണ്ടായത്. വീട് മുഴുവൻ കുലുങ്ങി. ഭിത്തിയുടെ ഭാഗങ്ങൾ തകർന്നു” എന്ന് ബന്ധു.
ലക്നൌ : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വീട്ടിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം. ടിവി പൊട്ടിത്തെറിച്ച് വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ശക്തമായ പൊട്ടിത്തെറിയിൽ കോൺക്രീറ്റ് സ്ലാബുകളും ഭിത്തിയുടെ ഒരു ഭാഗവും തകർന്നുവീണിരുന്നു. ഇത് സമീപവാസികളിൽ പരിഭ്രാന്തി പരത്തിയതായി പൊലീസ് പറഞ്ഞു.
മരിച്ച ഒമേന്ദ്രയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. വലിയ ശബ്ദം കേട്ടതായി മരിച്ച കുട്ടിയുടെ അയൽവാസിയായ വിനീത പറഞ്ഞു. "സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് ഞാൻ കരുതിയത്. ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഓടി. അപ്പോഴാണ് അയൽവാസിയുടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടത്" വിനീത വ്യക്തമാക്കി.
undefined
എൽഇഡി ടിവി പൊട്ടിത്തെറിക്കുമ്പോൾ ഒമേന്ദ്രയും അമ്മയും സഹോദരന്റെ ഭാര്യയും സുഹൃത്ത് കരണും മുറിയിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്രയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ വച്ച് ഒമേന്ദ്ര മരിച്ചു. അമ്മയും കരണും ചികിത്സയിലാണ്. പൊട്ടിത്തെറി നടക്കുമ്പോൾ താൻ മറ്റൊരു മുറിയിലായിരുന്നുവെന്ന് മരിച്ച ഒമേന്ദ്രയുടെ കുടുംബാംഗമായ മോണിക്ക പറഞ്ഞു. “ ശക്തമായ പൊട്ടിത്തെറിയാണ് ഉണ്ടായത്. വീട് മുഴുവൻ കുലുങ്ങി. ഭിത്തിയുടെ ഭാഗങ്ങൾ തകർന്നു” അവർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. "രണ്ട് സ്ത്രീകളും രണ്ട് ആൺകുട്ടികളുമുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. നിർഭാഗ്യവശാൽ ആൺകുട്ടികളിൽ ഒരാൾ മരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഭിത്തിയിൽ ഘടിപ്പിച്ച എൽഇഡി ടിവി പൊട്ടിത്തെറിച്ചതായി കണ്ടെത്തിയിട്ടുണ്ട്," ഗാസിയാബാദ് പൊലീസ് ഓഫീസർ ഗ്യാനേന്ദ്ര സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.