ഗുലാം നബിക്കൊപ്പം കോൺഗ്രസ് വിട്ട നേതാക്കൾ തിരിച്ച് വരുന്നു

By Web Team  |  First Published Jan 5, 2023, 4:18 PM IST

മൂന്ന് പ്രധാന നേതാക്കളും, അനുയായികളും നാളെ കോൺഗ്രസിൽ ചേരുമെന്ന് നേതൃത്വം അറിയിച്ചു.


ദില്ലി: ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് പാർട്ടി വിട്ട നേതാക്കൾ തിരിച്ച് വരുന്നു. ആസാദിന്‍റെ വലം കൈയും കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമായ താരാ ചന്ദടക്കമുള്ള നേതാക്കൾ നാളെ കോൺഗ്രസിൽ ചേരുമെന്ന് നേതൃത്വം അറിയിച്ചു. നാളെ രാവിലെ പതിനൊന്നരക്ക് എഐസിസി ആസ്ഥാനത്ത് വച്ച് വീണ്ടും പാർട്ടി അംഗത്വമെടുക്കും എന്നാണ് വിവരം. സംഘടന വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയവരാണ് ഇവരെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി പ്രതികരിച്ചു. അതേസമയം, നേതാക്കൾ ഡെമോക്രറ്റിക് ആസാദ് പാർട്ടി വിടുന്നത്, ഗുലാം നബി ആസാദ് ബിജെപിയോടടുക്കുന്നുവെന്ന ആക്ഷേപമുയർത്തി.

നേരത്തെ, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന വാർത്ത കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ് തള്ളിയിരുന്നു. വാർത്ത തന്നെ ഞെട്ടിച്ചെന്നും കോൺ​ഗ്രസിലെ ഒരുവിഭാ​ഗം നേതാക്കൾ പടച്ചുവിടുന്ന കഥകളാണിതെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ​ഗുലാം നബി കോൺ​ഗ്രസിലേക്ക് തിരിച്ചെത്തിയേക്കുമെന്ന വാർത്ത നൽകിയത്. നാല് മാസം മുമ്പാണ് കോൺ​ഗ്രസിനെ ഞെ‌ട്ടിച്ച് ഗുലാം നബി ആസാദ് പാർട്ടി‌യിൽ നിന്ന് രാജിവച്ചത്. പിന്നീട് ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പുതിയ പാർട്ടി‌യായ ഡെമോക്രാറ്റിക് ആസാദ് പാർട്ടി രൂപീകരിക്കുകയായിരുന്നു. 

Latest Videos

click me!