രോഗിയായ അമ്മയെ നിരന്തരം മർദിച്ച് അഭിഭാഷകനായ മകനും മരുമകളും കൊച്ചുമകനും, ക്രൂരത സിസിടിവിയിൽ പതിഞ്ഞു, അറസ്റ്റ്

By Web Team  |  First Published Oct 29, 2023, 10:39 AM IST

കണ്ണില്ലാത്ത ക്രൂരതയുടെ സിസിടിവി ദൃശ്യം കണ്ട വയോധികയുടെ മകളാണ് പരാതി നല്‍കിയത്. താന്‍ അമ്മയെ പരിചരിക്കുകയാണ് ചെയ്തതെന്നാണ് അഭിഭാഷകന്‍റെ വാദം


ചണ്ഡിഗഢ്: 73 വയസ്സുള്ള രോഗിയായ അമ്മയെ ക്രൂരമായി മര്‍ദിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. മകനും മരുമകളും കൊച്ചുമകനും എത്ര നിര്‍ദയമായാണ് വയോധികയോട് പെരുമാറിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതോടെയാണ് പൊലീസ് നടപടിയെടുത്തത്. എന്നാല്‍ താന്‍ അമ്മയെ പരിചരിക്കുകയാണ് ചെയ്തതെന്നാണ് അഭിഭാഷകന്‍റെ വാദം. 

പഞ്ചാബിലെ രൂപ്‍നഗറിലെ ആശാ റാണിക്കാണ് താന്‍ വളര്‍ത്തി വലുതാക്കി പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച മകനില്‍ നിന്ന് ക്രൂരത നേരിടേണ്ടിവന്നത്. വയോധികയുടെ ഭർത്താവ് അടുത്തിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മകന്‍ അങ്കുര്‍ വര്‍മയും മകന്‍റെ ഭാര്യയായ സുധയും കൊച്ചുമകനും തന്നെ മര്‍ദിക്കാറുണ്ടെന്ന് ആശാ റാണി മകള്‍ ദീപ്‍ശിഖയോട് പറഞ്ഞു. ആശാ റാണിയുടെ മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ദീപ്‍ശിഖ കണ്ടു. ദൃശ്യങ്ങള്‍ കണ്ട് അവര്‍ ഞെട്ടിപ്പോയി.

Latest Videos

ആശാ റാണിയുടെ കൊച്ചുമകൻ മെത്തയിൽ വെള്ളം ഒഴിക്കുന്നതും എന്നിട്ട് ആശാ റാണിയാണ് ഇത് ചെയ്തതെന്നും പരാതിപ്പെടുന്നതാണ് ഒരു ദൃശ്യത്തിലുള്ളത്. പിന്നാലെ അങ്കുറും സുധയും മുറിയിലെത്തി. അങ്കുര്‍ ആക്രോശിച്ചുകൊണ്ട് അമ്മയെ മര്‍ദിച്ചു. വേദന സഹിക്കാനാവാതെ വയോധിക ഉച്ചത്തില്‍ കരഞ്ഞു. മറ്റൊരു വീഡിയോയിൽ സുധ ആശാ റാണിയെ തല്ലുന്നതാണുള്ളത്. കൊച്ചുമകന്‍ വയോധികയെ വലിച്ചിഴയ്ക്കുന്നതാണ് വേറൊരു വീഡിയോയിലുള്ളത്. സെപ്തംബർ 19, ഒക്‌ടോബർ 21, ഒക്ടോബർ 24 തിയ്യതികളിലെ വീഡിയോ ആണ് പുറത്തുവന്നത്. 

കുട്ടികളുടെ കാലിൽ പൊള്ളൽ; അന്വേഷണത്തിൽ കണ്ടെത്തിയത് 'ഗുരുകുല' രീതിയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ക്രൂരത

മകള്‍ ദീപ്‌ശിഖയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘവും സന്നദ്ധ പ്രവര്‍ത്തകരും എത്തിയാണ് ആശാ റാണിയെ രക്ഷിച്ചത്. മാനസിക നില തകരാറിലായ അമ്മയെ താന്‍ സഹായിക്കുകയായിരുന്നു എന്നാണ് അങ്കുര്‍ പൊലീസിനോട് പറഞ്ഞത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അങ്കുറിനെ അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമത്തിലെ സെക്ഷൻ 24 പ്രകാരമാണ് കേസെടുത്തത്.  സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, അന്യായമായി തടവിലാക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!