രാജ്യത്ത് കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ സ്കൂളുകള്‍ തുറന്നു

By Web Team  |  First Published Oct 8, 2020, 9:01 AM IST

കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഒരു കൊവിഡ് കേസ് പോലും ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും തെര്‍മ്മല്‍ സ്ക്രീനിംഗും സാമൂഹ്യ അകലവും പാലിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. 


ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇടമായ ലക്ഷദ്വീപില്‍ സ്കൂളുകള്‍ തുറന്നു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ആ അക്കാദമിക വര്‍ഷത്തില്‍ ആദ്യമായാണ് തുറക്കുന്നത്. പുതിയ പെയിന്‍റ് അടിച്ച് മോടി കൂട്ടിയ സ്കൂളുകളിലേക്ക് 11000 കുട്ടികളാണ് ചൊവ്വാഴ്ച  മടങ്ങി എത്തിയത്. ആദ്യ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്ത് എട്ട് മാസം പിന്നിടുമ്പോള്‍ രാജ്യത്ത് വൈറസ് വ്യാപനം അതിരൂക്ഷമാണ്. പ്രാദേശിയ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച ശേഷമാണ് സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര ഭരണ ചുമതലയുള്ള ദിനേശ്വര്‍ ശര്‍മ്മ സ്വീകരിച്ചത്. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ 21 ന് പുനരാരംഭിച്ചിരുന്നു. പ്രീ പ്രൈമറി തലത്തിലെ ക്ലാസുകളും ഉടന്‍ പുനരാരംഭിക്കുമെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഭൂരിഭാഗം കുട്ടികളും ക്ലാസുകളിലേക്ക് മടങ്ങി എത്തിയതായാണ് അധ്യാപകരും പറയുന്നത്. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കൂടിയും തെര്‍മ്മല്‍ സ്ക്രീനിംഗിന് ശേഷമാണ് വിദ്യാര്‍ഥികളെ സ്കൂളിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹ്യ അകലം പാലിച്ചാണ് ക്ലാസുകള്‍ തുറന്ന്. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന നിലയ്ക്കാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുളളത്. വിദ്യാര്‍ഥികള്‍ മാസ്ക് ധരിച്ചാണ് ക്ലാസില്‍ പങ്കെടുക്കേണ്ടത്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ കൈകള്‍ കഴുകണം. ഇടവിട്ടുള്ള ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസുകള്‍ നടക്കുക. ഓരോ ഗ്രേഡിലേയും കുട്ടികള്‍ ഇടവിട്ടുള്ള ദിവസങ്ങളിലായി മൂന്ന് ദിവസം ക്ലാസിലെത്തുന്ന രീതിയിലാണ് അധ്യയനം നടക്കുന്നത്. 

Latest Videos

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഇന്‍റര്‍നെറ്റ് തകരാറ് വെല്ലുവിളിയായിരുന്ന കുട്ടികള്‍ ക്ലാസികള്‍ തുടങ്ങിയതില്‍ സന്തോഷം പ്രകടിപ്പിച്ചതായാണ് അധ്യാപകര്‍ പറയുന്നത്. ഉച്ച ഭക്ഷണം നിലവില്‍ നല്‍കാത്തതിനാല്‍ അവശ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കൃത്യമായ മാനദണ്ഡം പാലിച്ചുള്ള ക്ലാസുകളില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കളില്‍ നിന്നുള്ള സമ്മത പത്രവും ആവശ്യപ്പെടുന്നുണ്ട് സ്കൂള്‍ അധികൃതര്‍. 64000 ആളുകള്‍ മാത്രമുള്ള ലക്ഷദ്വീപില്‍ തുടക്കത്തില്‍ സ്വീകരിച്ച കര്‍ശന നിലപാടാണ് വൈറസ് വ്യാപനത്തെ ചെറുത്തത്. രോഗം ബാധിച്ച ദ്വീപുനിവാസികള്‍ കേരളത്തിലാണ് ചികിത്സ നേടുന്നത്.  

click me!