കർഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: ദിവസം ആറ് കർഷകർ ആത്മഹത്യ ചെയ്യുന്നെന്ന് കണക്ക്

By Anoop Balachandran  |  First Published May 16, 2019, 9:21 AM IST

ആത്മഹത്യാ നിരക്ക് ഈ വർഷം ആയിരം തൊടുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ആദ്യ മൂന്ന് മാസം മാത്രം ആത്മഹത്യ ചെയ്തത് 610 കർഷകർ. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടരുന്നു: 'വരണ്ടുണങ്ങി മഹാരാഷ്ട്ര'


മറാത്ത്‍വാഡ: വരണ്ടുണങ്ങുന്ന മഹാരാഷ്ട്ര കർഷകരുടെ ശവപ്പറമ്പാവുകയാണ്. വരൾച്ചയും കാർഷികതകർച്ചയും മറികടക്കാനുള്ള സർക്കാർ ശ്രമങ്ങൾ പാളി. ദിവസം ആറ് കർഷകർ എന്ന നിലക്കാണ് മഹാരാഷ്ട്രയിലെ ആത്മഹത്യാ നിരക്ക്.

കൃഷിയിടത്തേക്ക് വെള്ളമെത്തേണ്ട പുഴയുടെ അവസ്ഥ ഇതാ ഇങ്ങനെയാണ്. 

Latest Videos

തൊണ്ട നനയ്ക്കാൻ വെള്ളമില്ലാതാകുമ്പോൾ മണ്ണ് നനക്കുക കർഷകന് ചിന്തിക്കുന്നതിലും അപ്പുറം. പാടം വരണ്ടുണങ്ങുമ്പോൾ കർഷക മനസുകളിലും പച്ചപ്പില്ല, വിണ്ടുകീറിയ സ്വപ്നങ്ങൾ, ഒടുവിൽ പ്രതീക്ഷ നശിച്ച് കർഷകർ ജീവിതം അവസാനിപ്പിക്കുന്നു.വിദർഭയിലെ ധനരാജും. പ്രഭാവതിയും, ഒടുവിൽ ആത്മഹത്യ ചെയ്ത അഹമ്മദ് നഗറിലെ സംഗീതയും അടക്കം ആത്മഹത്യാ നിരക്ക് ഈ വർഷം ആയിരം തൊടുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ആദ്യ മൂന്ന് മാസം മാത്രം ആത്മഹത്യ ചെയ്തത് 610 കർഷകർ.

കഴിഞ്ഞ അഞ്ച് വർഷം ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 10,000 കടന്നുവെന്ന് കർഷക സംഘടനകൾ പറയുന്നു. കണക്കിൽ തർക്കിക്കുക മാത്രമാണ് സർക്കാർ പ്രതിരോധം. സീറോ സൂയിസൈഡ് പദ്ധതി പാളി. കാർഷിക കടം എഴുതിത്തള്ളൽ വാഗ്ദാനങ്ങളിൽ ഒതുങ്ങി.

ഫലം കാണാതെ വരൾച്ചാ മുന്നൊരുക്കങ്ങൾ. രാജ്യത്തെ സമ്പന്നമായ സംസ്ഥാനമെന്ന് പ്രചാരണങ്ങളിൽ നിറയുന്ന മഹാരാഷ്ട്രയുടെ മറുചിത്രം ഇതാണ്. സർക്കാരിന്‍റെയും പ്രകൃതിയുടെയും കനിവ് കാത്ത് ഇവിടെ കുറെ ഗ്രാമീണർ.

click me!