പണരഹിത ഇടപാടുകൾ സുഗമമാക്കുന്നതിന്, കെഎസ്ആർടിസി ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ സജ്ജീകരിച്ചു
ബെംഗളൂരു: ബസ് ടിക്കറ്റിനുള്ള പണം കയ്യിൽ കരുതുക എന്നത് ഇന്നത്തെ കാലത്ത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും കൃത്യമായ തുക നൽകാനുള്ള ചില്ലറ യാത്രക്കാരുടെ കയ്യിലുണ്ടാവില്ല. തിരിച്ചുതരാനുള്ള ചില്ലറ കണ്ടക്ടറുടെ കയ്യിലുമുണ്ടാവില്ല. ഇതിന് പരിഹാരമായി യുപിഐ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടകയിലെ കെഎസ്ആർടിസി.
യാത്രക്കാരുടെ ദീർഘ നാളായുള്ള ആവശ്യമാണിത്. ചില്ലറ സംബന്ധിച്ച് യാത്രക്കാരും കണ്ടക്ടറും തമ്മിൽ വാഗ്വാദങ്ങൾ ഇന്നത്തെ കാലത്ത് പതിവാണ്. ഇതിന് പരിഹാരമായാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) കാഷ്‍ലെസ് പേയ്‌മെന്‍റ് സംവിധാനം അവതരിപ്പിക്കുന്നത്.
പണരഹിത ഇടപാടുകൾ സുഗമമാക്കുന്നതിന്, കെഎസ്ആർടിസി ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ഇടിഎം) സജ്ജീകരിച്ചിട്ടുണ്ട്. ടച്ച്‌സ്‌ക്രീനുകൾ, വയർലെസ് കണക്റ്റിവിറ്റി, വേഗതയേറിയ പ്രോസസ്സിംഗ് എന്നിവ ഉൾക്കൊള്ളുന്ന 10,245 ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട് ഇടിഎമ്മുകൾ ഉപയോഗിച്ച് ടിക്കറ്റ് നൽകുന്ന സംവിധാനം നവീകരിക്കുകയാണെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി. അൻബു കുമാർ പറഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന പരമ്പരാഗത ടിക്കറ്റ് മെഷീനുകൾ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുപിഐ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിങ്ങനെ പല രീതിയിൽ ടിക്കറ്റ് ചാർജ് നൽകാം. കെഎസ്ആർടിസിയുടെ 8,800 ബസുകളിലാണ് സ്മാർട്ട് ടിക്കറ്റ് മെഷീനുകൾ സജ്ജീകരിച്ചിരിക്കുന്നത്. കണ്ടക്ടർമാർക്ക് ഇവ ഉപയോഗിക്കാനുള്ള പരിശീലനം നൽകും. യാത്രക്കാർക്കും കണ്ടക്ടർമാർക്കും ഒരുപോലെ പ്രയോജനകരമാണ് കാഷ് ലെസ് സംവിധാനമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ഇന്ത്യയിൽ തന്നെ വളരെ കുറച്ച് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളേ ഡിജിറ്റൽ ടിക്കറ്റ് സംവിധാനത്തിലേക്ക് മാറിയിട്ടുള്ളൂ. എബിക്‌സ് കാഷ് ലിമിറ്റഡുമായി സഹകരിച്ചാണ് സംവിധാനം നടപ്പാക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15,000 ടിക്കറ്റ് മെഷീനുകൾ കൂടി എത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം