ആദ്യശ്രമത്തിൽ സിവിൽ സർവീസ്; ആദ്യശമ്പളം വാങ്ങാതെ, ആദ്യപോസ്റ്റിം​ഗിന് മുമ്പ് ഹർഷൻ വിട വാങ്ങി, നെഞ്ചുനീറി കുടുംബം

By Web Team  |  First Published Dec 3, 2024, 10:55 AM IST

പൊലീസ് അക്കാദമിയിലെ ട്രെയിനിംഗ് പൂർത്തിയാക്കി യാത്ര പറഞ്ഞ് പോയ കൂട്ടുകാരൻ ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ നിന്ന സുഹൃത്തുക്കൾ കണ്ണീരോടെയാണ് ഹർഷിന് അവസാന സല്യൂട്ട് നൽകിയത്.


ബെം​ഗളൂരു: ആദ്യ പോസ്റ്റിംഗിനായി പോകവേ വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവ ഐപിഎസ് ഓഫീസർ ഹർഷ് ബർധന് വിട നൽകി കർണാടക. ബെംഗളുരുവിലെ ആംഡ് പൊലീസ് ട്രെയിനിംഗ് സ്കൂളിൽ നടന്ന ഗാർഡ് ഓഫ് ഓണറിൽ സംസ്ഥാനത്തെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തു. പൊലീസ് അക്കാദമിയിലെ ട്രെയിനിംഗ് പൂർത്തിയാക്കി യാത്ര പറഞ്ഞ് പോയ കൂട്ടുകാരൻ ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ നിന്ന സുഹൃത്തുക്കൾ കണ്ണീരോടെയാണ് ഹർഷിന് അവസാന സല്യൂട്ട് നൽകിയത്.

ജീവിതം അത്രമേൽ ക്രൂരമാകാം. ആദ്യ പോസ്റ്റിംഗിന് മുൻപ്, ആദ്യത്തെ ശമ്പളം വാങ്ങുംമുമ്പ്, അവൻ പോയി. ഹാസനിൽ എഎസ്‍പിയായി ചുമതലയേൽക്കാൻ പോകുന്ന വഴി വാഹനാപകടത്തിൽ കൊല്ലപ്പെട്ട കർണാടക കേഡർ പ്രൊബേഷണറി ഐപിഎസ് ഓഫീസർ ഹർഷ് ബർധന് കണ്ണീരോടെ കോളേജിലെ സുഹൃത്ത് എഴുതിയ ഓർമക്കുറിപ്പാണിത്. സിവിൽ എഞ്ചിനീയറായിരുന്ന ഹർഷിന്‍റെ സ്വപ്നമായിരുന്നു ഐപിഎസ്. 

Latest Videos

undefined

2022-ൽ, ആദ്യശ്രമത്തിൽ തന്നെ യുപിഎസ്‍സി എഴുതിയെടുത്ത ഹർഷിനെ സിവിൽ സർവീസെന്ന സ്വപ്നത്തിലേക്ക് കൈ പിടിച്ച് നടത്തിയത് എസ്‍ഡിഎമ്മായിരുന്ന അച്ഛൻ അഖിലേഷ് കുമാർ സിംഗാണ്. ആദ്യ പോസ്റ്റിംഗിന് മുൻപേ തന്നെ ഹർഷിന്‍റെ യാത്ര അവസാനിക്കുമ്പോൾ, മകന്‍റെ മൃതദേഹത്തിനരികെ കണ്ണീർ വറ്റിയാണ് ആ അച്ഛനിരുന്നത്. 

വിതുമ്പിയ സഹോദരനെ ചേർത്ത് പിടിച്ച് കൂടെയുണ്ടായിരുന്നു, ഹർഷിന്‍റെ അക്കാദമിയിലെ കൂട്ടുകാർ. ഉന്നത ഉദ്യോഗസ്ഥരോരോരുത്തരായി വന്ന് ആദരമർപ്പിച്ച് മടങ്ങി. ഗാർഡ് ഓഫ് ഓണറും ഏറ്റുവാങ്ങി ഹർഷിന്‍റെ മൃതദേഹം അവസാന യാത്രയ്ക്കായി പുറത്തേക്കെടുത്തപ്പോൾ ഉള്ളുപൊട്ടിക്കരഞ്ഞ് അമ്മ. മധ്യപ്രദേശിലെ സിംഗ്രോളിയിലുള്ള ദോസറിലെ വീട്ടിൽ ഇന്ന് ഹർഷിന്‍റെ സംസ്കാരച്ചടങ്ങുകൾ നടക്കും.

click me!