ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവിൽ തെറ്റുകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി.
ബെംഗളൂരു: ജനതാദള്‍ നേതാവും ലൈംഗികാതിക്രമ കേസുകളിൽ അറസ്റ്റിലായ ഹാസനിലെ സിറ്റിംഗ് എംപി പ്രജ്വൽ രേവണ്ണയുടെ പിതാവുമായ എച്ച് ഡി രേവണ്ണയ്ക്ക് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവിൽ തെറ്റുകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. എച്ച് ഡി രേവണ്ണയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. എത്രയും പെട്ടെന്ന് മറുപടി നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഇത്രയും സ്വാധീനമുള്ളയാൾക്ക് ജാമ്യം നൽകുന്നത് ഇരകളെ ഭയപ്പെടുത്തുമെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവിലെ നിയമ വ്യാഖ്യാനത്തിൽ അപാകതയുണ്ടെന്നാണ് കർണാടക ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ചത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഹർജിയിൽ എച്ച് ഡി രേവണ്ണയ്ക്ക് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് അടിയന്തര നോട്ടീസ് അയച്ചു. ഇരയെ തട്ടിക്കൊണ്ടുപോയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് രേവണ്ണയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രേവണ്ണ ഹർജി നൽകിയിട്ടുണ്ട്. ഇതിനിടെ ഇരയെ തട്ടിക്കൊണ്ട് പോയെന്ന കേസിൽ ജൂൺ 1-ന് ഹാസനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിന്‍റെ അമ്മ ഭവാനി രേവണ്ണയ്ക്ക് എസ്ഐടി നോട്ടീസ് നൽകി.
undefined
34 ദിവത്തെ ഒളിവു ജീവിതത്തിന് ശേഷം ഇന്ന് പുലർച്ചെ 12.46-ഓടുകൂടി ലുഫ്താൻസ വിമാനത്തിൽ മ്യൂണിക്കിൽ നിന്ന് ബെംഗളുരുവിലെത്തിയ പ്രജ്വൽ രേവണ്ണയെ പ്രത്യേകാന്വേഷണ സംഘം സിഐഎസ്എഫിന്‍റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. പാലസ് റോഡിലെ ഓഫീസിലെത്തിച്ച് അറസ്റ്റ് ചെയ്തു. പ്രജ്വലിൽ നിന്ന് ഡിപ്ലോമാറ്റിക്, ഓർഡിനറി പാസ്പോർട്ടുകൾ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ടിക്കറ്റ് അടക്കം മറ്റ് യാത്രാ രേഖകളും പിടിച്ചെടുത്തു. പ്രജ്വലിൽ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളിലുമല്ല വിവാദമായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പകർത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഫോൺ നശിപ്പിച്ചതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്. അതിൽ വ്യക്തത വന്നാൽ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി പ്രജ്വലിനെതിരെ ചുമത്തിയേക്കും.