ദില്ലി നോർത്ത് ഈസ്റ്റിലാകും കനയ്യയുടെ പോരാട്ടം
ദില്ലി: ജെ എൻ യു മുൻ നേതാവ് കനയ്യ കുമാറിന് സീറ്റ് നൽകി കോൺഗ്രസ്. സി പി ഐ വിട്ട് കോൺഗ്രസിലെത്തിയ യുവ നേതാവിനെ ദില്ലി പിടിക്കാനാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. ഇന്ന് പ്രഖ്യാപിച്ച കോൺഗ്രസിന്‍റെ പുതിയ സ്ഥാനാർഥി പട്ടികയിലാണ് കനയ്യക്കും സീറ്റ് നൽകിയത്. ദില്ലി നോർത്ത് ഈസ്റ്റിലാകും കനയ്യയുടെ പോരാട്ടം.
കഴിഞ്ഞ തവണ ബിഹാറിലെ ബഗുസരായിയിലാണ് കനയ്യ മത്സരിച്ചത്. എന്നാൽ പിന്നീട് സി പി ഐ വിട്ട് യുവ നേതാവ് കോൺഗ്രസിലെത്തിയിരുന്നു. ഇക്കുറി ബിഹാറിലെ മഹാസഖ്യത്തിന്‍റെ ഭാഗമായ സി പി ഐ ബഗുസരായി ചോദിച്ചുവാങ്ങിയിരുന്നു. ഇതോടെ ഇക്കുറി കനയ്യക്ക് മത്സരിക്കാൻ അവസരമുണ്ടാകുമോ എന്ന സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ കനയ്യയെ ദില്ലിയിൽ മത്സരിപ്പിച്ചേക്കുമെന്ന വാർത്തകൾ ഇതിന് പിന്നാലെ വന്നു. ഒടുവിൽ ഇന്ന് രാത്രി ഒമ്പത് മണിയോടെ എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ വാർത്താക്കുറിപ്പിൽ കനയ്യയുടെ സീറ്റിന്‍റെ പ്രഖ്യാപനവും എത്തുകയായിരുന്നു.
ജെ എൻ യുവിൽ പഠിച്ചു വളർന്ന യുവ നേതാവിനെ ദില്ലിയിൽ ഇറക്കുന്നത് ഗുണം ചെയ്യുമെന്നാണ് എ ഐ സി സി നേതൃത്വത്തിന്‍റെ കണക്കുക്കൂട്ടൽ. കനയ്യ അടക്കം 10 സ്ഥാനാർഥികളെയാണ് ഇന്ന് എ ഐ സി സി പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയാണ് ഇന്ന് പുറത്തുവിട്ട പട്ടികയിലെ മറ്റൊരു പ്രമുഖൻ. ജലന്ധറിൽ നിന്നാകും മുൻ മുഖ്യമന്ത്രി ജനവിധി തേടുക. അതേസമയം ദില്ലിയിലെ പ്രമുഖ നേതാവ് അൽക്ക ലാംബക്ക് ഇക്കുറി കോൺഗ്രസ് സീറ്റ് നൽകിയിട്ടില്ല. മഹിളാ കോൺഗ്രസ് അധ്യക്ഷയായ അൽക്ക ലാംബയെ.ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ജെ പി അഗർവാളിന് സീറ്റ് നൽകി.ബി ജെ പി യിൽ നിന്ന് കോൺഗ്രസിലെത്തിയ ദളിത് നേതാവ് ഉദിത് രാജാണ് ദില്ലി നോർത്ത് വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം