കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ മർദിച്ച സംഭവം; എഫ്ഐആർ വിശദ പരിശോധനയ്ക്ക് ശേഷമെന്ന് പൊലീസ്

By Web Team  |  First Published Jun 7, 2024, 1:10 PM IST

ഔദ്യോഗികമായി കങ്കണ പരാതി നൽകിയിട്ടില്ലെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കി. പഞ്ചാബ് പൊലീസിൻ്റെ പരിധിയിലാണ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്.


ദില്ലി: ചണ്ഡിഗഡ് വിമാനത്താവളത്തിൽ കങ്കണ റണാവത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിശദ പരിശോധനയ്ക്ക് ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യൂവെന്ന് പഞ്ചാബ് പൊലീസ്. ഔദ്യോഗികമായി കങ്കണ പരാതി നൽകിയിട്ടില്ലെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കി. പഞ്ചാബ് പൊലീസിൻ്റെ പരിധിയിലാണ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ഇതിനിടെ, സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകസംഘടനകൾ രംഗത്തെത്തി.

കങ്കണയ്ക്ക് അടിയേറ്റ സംഭവത്തിൽ അന്വേഷണ വിധേയമായി വനിത കോൺസ്റ്റബിൽ കുൽവീന്ദർ കൗറിനെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തിരുന്നു. എംപിയെ തല്ലിയതിൽ വകുപ്പ്തല നടപടി കുൽവീന്ദറിനെതിരെ ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ വിമാനത്താവളത്തിൽ നടന്ന അതിക്രമത്തിൽ കങ്കണ ഇതുവരെ നേരിട്ട് പരാതി നൽകിയില്ലെന്നാണ് പഞ്ചാബ് പൊലീസ് വ്യക്തമാക്കുന്നത്. വിമാനത്താവളം പഞ്ചാബ് പൊലീസിന്റെ പരിധിയിലാണ് വരുന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ കേസ് എടുക്കൂ എന്നാണ് പൊലീസ് നിലപാട്. 

Latest Videos

ഇതിനിടെ, കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അകാലിദൾ രംഗത്തെത്തി. പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു. അതേസമയം കുൽവീന്ദർ കൌറിനെ പിന്തുണച്ചും കങ്കണയെ വിമർശിച്ചും കർഷകസംഘടനകൾ രംഗത്തെത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്രംഗ് പൂനിയയും രംഗത്തെത്തി. കപൂർത്തല സ്വദേശിയായ കുൽവീന്ദ്രർ കൗർ 2008 ബാച്ച് ഉദ്യോഗസ്ഥയാണ്. ഇവരുടെ സഹോദരൻ കിസാൻ മോർച്ച നേതാവ് കൂടിയാണ്.

click me!