കപൂർത്തല സ്വദേശിയായ കുൽവീന്ദർ കൌർ 2008 ബാച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ്
ദില്ലി : കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥക്കെതിരെ പൊലീസ് കേസെടുത്തു. മൊഹാലി പൊലീസാണ് സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ കുൽവീന്ദര്‍ കൗറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനാൽ തന്നെ കുൽവീന്ദര്‍ കൗറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ കേസ് എടുക്കൂവെന്ന് പഞ്ചാബ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കങ്കണയ്ക്ക് അടിയേറ്റ സംഭവത്തിൽ അന്വേഷണ വിധേയമായി ഉദ്യോഗസ്ഥയെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തിരുന്നു. എംപിയെ തല്ലിയതിൽ വകുപ്പുതല നടപടി കുൽവീന്ദറിനെതിരെ ഉണ്ടാകുമെന്നാണ് വിവരം. വിമാനത്താവളം പഞ്ചാബ് പൊലീസിന്റെ പരിധിയിലാണ് വരുന്നത്. സംഭവത്തിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അകാലിദൾ രംഗത്ത് എത്തി. പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ പ്രതികരിച്ചിരുന്നു.
undefined
കുൽവീന്ദർ കൗറിനെ പിന്തുണച്ചും കങ്കണയെ വിമർശിച്ചും കർഷക സംഘടനകൾ രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഗുസ്തി താരം ബജ്രംഗ് പൂനിയയും കുൽവീന്ദര്‍ കൗറിനെ പിന്തുണച്ചു. കപൂർത്തല സ്വദേശിയായ കുൽവീന്ദർ കൌർ 2008 ബാച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ്. ഇവരുടെ സഹോദരൻ കിസാൻ മോർച്ച നേതാവ് കൂടിയാണ്.