ഹിമാചൽ പ്രദേശിലെ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് കങ്കണയ്ക്ക് നാക്കുപിഴച്ചത്.
ഷിംല: ആർ ജെ ഡി നേതാവ് തേജസ്വി യാദവിനെ ലക്ഷ്യമിട്ടുള്ള നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിന്‍റെ വിമർശനം ചെറുതായൊന്ന് പിഴച്ചു. കങ്കണ പറഞ്ഞുവന്നപ്പോള്‍ പേരുമാറി സ്വന്തം പാർട്ടിയായ ബി ജെ പിയിലെ നേതാവിന്‍റെ പേരാണ് പറഞ്ഞത്. മത്സ്യം കഴിക്കുന്നതിനെ കുറിച്ച് പറയുന്നതിനിടയിൽ തേജസ്വി യാദവ് എന്നതിനു പകരം തേജസ്വി സൂര്യ എന്നാണ് കങ്കണ പറഞ്ഞത്. ബംഗളൂരു സൌത്തിലെ ബിജെപി സ്ഥാനാർത്ഥിയും നിലവിലെ എംപിയുമാണ് തേജസ്വി സൂര്യ.
ഹിമാചൽ പ്രദേശിലെ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് കങ്കണയ്ക്ക് നാക്കുപിഴച്ചത്. "പരാജയപ്പെട്ട യുവരാജാക്കന്മാരുടെ പാർട്ടി. അവർക്ക് അറിയില്ല എവിടേക്ക് പോകണമെന്ന്. ചന്ദ്രനിൽ ഉരുളക്കിഴങ്ങ് വളർത്താൻ ആഗ്രഹിക്കുന്ന രാഹുൽ ഗാന്ധിയാവട്ടെ, ഗുണ്ടായിസം കാണിക്കുകയും മത്സ്യം തിന്നുകയും ചെയ്യുന്ന തേജസ്വി സൂര്യയാവട്ടെ..." എന്നിങ്ങനെയായിരുന്നു കങ്കണയുടെ വിമർശനം. നവരാത്രിക്കിടെ മത്സ്യം കഴിച്ചെന്ന ആരോപണം തേജസ്വി യാദവിനെതിരെ നേരത്തെ ബി ജെ പി ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവർ ഇത് പ്രതിപക്ഷത്തിനെതിരായ പ്രചാരണ ആയുധമാക്കി.
എന്നാൽ കങ്കണ പറഞ്ഞപ്പോള്‍ നാക്കുപിഴച്ചു. തേജസ്വി യാദവ് എന്നതിന് പകരം തേജസ്വി സൂര്യ എന്നാണ് പറഞ്ഞത്. 'ഏതാണ് ഈ മാഡം' എന്ന ചോദ്യവുമായി തേജസ്വി യാദവ് കങ്കണയുടെ പ്രസംഗത്തിന്‍റെ വീഡിയോ പങ്കുവെച്ചു. നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുമ്പുള്ള തന്‍റെ വീഡിയോ ആണ് പുറത്തുവന്നതെന്ന് തേജസ്വി യാദവ് നേരത്തെ വിശദീകരിച്ചിരുന്നു.ആർ ജെ ഡി നേതാവ് മുകേഷ് സാഹ്നിക്കായുള്ള പ്രചാരണത്തിന് ശേഷം ഹെലികോപ്റ്ററിൽ വച്ച് വറുത്ത മീനും റൊട്ടിയും കഴിക്കുന്ന തേജസ്വി യാദവിന്‍റെ വീഡിയോ ആണ് പുറത്തുവന്നത്. തേജസ്വി യാദവ് നവരാത്രി നാളിൽ മത്സ്യം കഴിച്ചെന്ന് ആരോപിച്ചായിരുന്നു ബി ജെ പിയുടെ പ്രചാരണം.
Tejasvi Surya - Mujhe Kyu Toda.. 🤣 pic.twitter.com/jK46bwXwNu
— Narundar (@NarundarM)