കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഏകദേശം13 മാധ്യമപ്രവർത്തകരെങ്കിലും സംസ്ഥാനത്ത് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്.
കർണാടക: തെലുങ്ക് ടെലിവിഷൻ ചാനലിൽ ജോലി ചെയ്യുന്ന 33 കാരനായ മാധ്യമപ്രവർത്തകൻ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് മറ്റൊരു ഹോസ്പിറ്റലിൽ നിന്നാണ് ഇയാളെ ജൂൺ 4ന് ഗാന്ധി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ ഇയാൾക്ക് ന്യൂമോണിയയും കഠിനമായ ശ്വാസതടസ്സവുമുണ്ടായിരുന്നു. എല്ലിന്റെ ബലഹീനതയ്ക്ക് കാരണമായി അസ്ഥി സംബന്ധമായി അസുഖവും ഇയാൾക്കുണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
"ഇയാളെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൂടാതെ മുഴുവൻ സമയവും ഇദ്ദേഹത്തെ നിരീക്ഷിക്കാൻ ഡോക്ടർമാരുടെ സംഘം തന്നെയുണ്ടായിരുന്നു. ഞാനും അദ്ദേഹത്തെ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ന് രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി, രാവിലെ 9:37 ന് മരിച്ചു" ഗാന്ധി ആശുപത്രി സൂപ്രണ്ട് ഡോ. എം രാജാറാവു പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഏകദേശം13 മാധ്യമപ്രവർത്തകരെങ്കിലും സംസ്ഥാനത്ത് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. തെലങ്കാനയിൽ കോവിഡ് -19 കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച 154 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 14 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 3650 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 137 പേർ മരിച്ചു.