മുഖ്യമന്ത്രിയുടെ നാമനിർദേശപത്രികയിൽ ഒപ്പിട്ടയാൾ പോലും ബിജെപിയിൽ ചേർന്നു; പ്രധാനമന്ത്രി ജാർഖണ്ഡിൽ, 'ജയം ഉറപ്പ്'

By Web Team  |  First Published Nov 4, 2024, 1:18 PM IST

നവംബർ 13, 20 തീയതികളിലായി രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ടിലേക്ക് ദേശീയ നേതാക്കൾ എത്തിയതോടെ പ്രചരണത്തിനും വലിയ ആവേശമാണ് കാണുന്നത്


റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിന് ആവേശപകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ദേശീയ നേതാക്കൾ ജാർഖണ്ഡിൽ. ഹേമന്ത് സോറൻ സർക്കാരിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ചാണ് മോദി, ബി ജെ പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടയാൾ പോലും ബി ജെ പിയിൽ ചേർന്നെന്ന് ചൂണ്ടികാട്ടിയ പ്രധാനമന്ത്രി, ജാർഖണ്ഡിൽ ജനം ബി ജെ പിയെ വിജയിപ്പിക്കാൻ നിശ്ചയിച്ചുകഴിഞ്ഞെന്നും അവകാശപ്പെട്ടു. ബർഹെയ്ത് മണ്ഡലത്തിൽ മത്സരിക്കുന്ന സോറന്‍റെ പത്രികയിൽ പേര് നിർദ്ദേശിച്ച് ഒപ്പിട്ട മണ്ഡൽ മുർമു ബി ജെ പി അംഗത്വം എടുത്തത് ചൂണ്ടികാട്ടിയായിരുന്നു മോദിയുടെ പ്രചരണം. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും സാന്നിധ്യത്തിൽ ആയിരുന്നു മുർമു ബി ജെ പി അംഗത്വം എടുത്തത്.

കോൺഗ്രസ് ഭരിക്കുന്നിടത്ത് വികസനം വഴിമുട്ടിയെന്ന് പ്രധാനമന്ത്രി; വ്യാജവാഗ്ദാനം നൽകി വഞ്ചിക്കുന്നുവെന്നും വിമർശം

Latest Videos

നവംബർ 13, 20 തീയതികളിലായി രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ടിലേക്ക് ദേശീയ നേതാക്കൾ എത്തിയതോടെ പ്രചരണത്തിനും വലിയ ആവേശമാണ് കാണുന്നത്. വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധിയും മല്ലികാർജ്ജുന ഖർഗെയുമടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്ഥാനത്തെത്തുന്നുണ്ട്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെ എം എം), കോൺഗ്രസ്, ആർ ജെ ഡി, സി പി ഐ എം എൽ എന്നീ പാർട്ടികൾ ഇന്ത്യ സഖ്യമായാണ് സംസ്ഥാന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യാ മുന്നണി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന പൂർത്തിയാക്കിയിരുന്നു. ധാരണ പ്രകാരം ജെ എം എം 43 സീറ്റുകളിലും കോൺഗ്രസ് 30 സീറ്റുകളിലും മത്സരിക്കും. ആർ ജെ ഡി ആറ് സീറ്റുകളിലും ഇടത് പാർട്ടികൾ നിർസ, സിന്ദ്രി, ബഗോദർ എന്നിവ ഉൾപ്പെടുന്ന മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

ജാർഖണ്ടിൽ നംവബർ 13 ന് ആദ്യ ഘട്ട വോട്ടെടുപ്പിൽ 43 മണ്ഡലങ്ങളിലാണ് വിധി കുറിക്കുക. ശേഷിക്കുന്ന 38 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ ഇരുപതിനാണ് നടക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!