റാഞ്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഹേമന്ത് സോറനാണ് പ്രകടന പത്രിക പുറത്തിറക്കിയത്
റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ വമ്പൻ വാഗ്ദാനങ്ങളുമായി ഇന്ത്യ സഖ്യം പ്രകടന പത്രിക പുറത്തിറക്കി. 2500 രൂപ ഓണറേറിയം, ഒരാൾക്ക് 7 കിലോ റേഷൻ ധാന്യം, പ്രാദേശിക ഭാഷയും സംസ്കാരവും സംരക്ഷിക്കാൻ പ്രത്യേക നിയമം, എസ്ടി 28%, എസ് സി 12%, ഒബിസി 27% വീതം സംവരണം നടപ്പാക്കും, ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രത്യേക മന്ത്രാലയം എന്നിങ്ങനെ 7 പ്രധാന വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
റാഞ്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഹേമന്ത് സോറനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ചടങ്ങിൽ പങ്കെടുത്തു. ജെ എം എം, കോൺഗ്രസ്, ആർ ജെ ഡി, സി പി എം തുടങ്ങിയ പാർട്ടികൾ സഖ്യമായാണ് ഇത്തവണ ജാർഖണ്ഡിൽ മത്സരിക്കുന്നത്.
undefined
അതിനിടെ ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിന് ആവേശപകരാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹേമന്ത് സോറൻ സർക്കാരിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. ബി ജെ പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത മോദി, മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടയാൾ പോലും ബി ജെ പിയിൽ ചേർന്നെന്ന് ചൂണ്ടികാട്ടി. ജാർഖണ്ഡിൽ ജനം ബി ജെ പിയെ വിജയിപ്പിക്കാൻ നിശ്ചയിച്ചുകഴിഞ്ഞെന്നും മോദി അവകാശപ്പെട്ടു. ബർഹെയ്ത് മണ്ഡലത്തിൽ മത്സരിക്കുന്ന സോറന്‍റെ പത്രികയിൽ പേര് നിർദ്ദേശിച്ച് ഒപ്പിട്ട മണ്ഡൽ മുർമു ബി ജെ പി അംഗത്വം എടുത്തത് ചൂണ്ടികാട്ടിയായിരുന്നു മോദിയുടെ പ്രചരണം. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും സാന്നിധ്യത്തിൽ ആയിരുന്നു മുർമു ബി ജെ പി അംഗത്വം എടുത്തത്.
നവംബർ 13, 20 തീയതികളിലായി രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ടിലേക്ക് ദേശീയ നേതാക്കൾ എത്തിയതോടെ പ്രചരണത്തിനും വലിയ ആവേശമാണ് കാണുന്നത്. വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധിയും മല്ലികാർജ്ജുന ഖർഗെയുമടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്ഥാനത്തെത്തുന്നുണ്ട്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെ എം എം), കോൺഗ്രസ്, ആർ ജെ ഡി, സി പി ഐ എം എൽ എന്നീ പാർട്ടികൾ ഇന്ത്യ സഖ്യമായാണ് സംസ്ഥാന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യാ മുന്നണി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന പൂർത്തിയാക്കിയിരുന്നു. ധാരണ പ്രകാരം ജെ എം എം 43 സീറ്റുകളിലും കോൺഗ്രസ് 30 സീറ്റുകളിലും മത്സരിക്കും. ആർ ജെ ഡി ആറ് സീറ്റുകളിലും ഇടത് പാർട്ടികൾ നിർസ, സിന്ദ്രി, ബഗോദർ എന്നിവ ഉൾപ്പെടുന്ന മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം