ലെഫ്. ഗവർണറുടെ നീക്കത്തെ ശക്തമായി എതിർത്ത് കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം രംഗത്തെത്തിയിട്ടുണ്ട്.
ദില്ലി: വോട്ടെണ്ണൽ ദിനത്തിൽ ജമ്മു കശ്മീരിൽ ബിജെപിയുടെ സർപ്രൈസ് നീക്കം വിവാദത്തിൽ. നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണറുടെ അധികാരം വോട്ടെണ്ണലിന് മുന്നോടിയായി വൻ തർക്കത്തിന് കാരണമായിരിക്കുകയാണ്. കോൺഗ്രസും സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) ലെഫ്. ഗവർണർക്ക് ഇത്തരം അധികാരങ്ങൾ നൽകുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് ജനഹിതത്തെ അട്ടിമറിക്കലാണെന്നും ബിജെപി നേട്ടമുണ്ടാക്കാൻ ഉപയോഗിക്കുമെന്നുമാണ് ബിജെപി ഇതര പാർട്ടികളുടെ വാദം. ഡീലിമിറ്റേഷൻ കമ്മീഷൻ കേന്ദ്രഭരണ പ്രദേശത്തെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചതിന് ശേഷമാണ് ലെഫ്. ഗവർണർക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം പ്രാബല്യത്തിൽ വന്നത്. ജമ്മു മേഖലയിൽ 43 സീറ്റുകളും കശ്മീർ മേഖലയിൽ 47 സീറ്റുകളും ഉൾപ്പെടെ ആകെ 90 സീറ്റുകളാണ് ജമ്മു കശ്മീരിൽ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്.
ലെഫ്. ഗവർണറുടെ നീക്കത്തെ ശക്തമായി എതിർത്ത കോൺഗ്രസ്, അത്തരത്തിലുള്ള ഏതൊരു നീക്കവും ജനാധിപത്യത്തിനും ജനവിധിയ്ക്കും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും മേലുള്ള കടന്നാക്രമണമാണെന്ന് കുറ്റപ്പെടുത്തി. നാമനിർദ്ദേശം നടന്നാൽ സുപ്രീം കോടതിയിൽ പോകുമെന്ന് നാഷണൽ കോൺഫറൻസും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സ്ത്രീകൾ, രണ്ട് കശ്മീരി പണ്ഡിറ്റുകൾ, പാക് അധീന കശ്മീരിൽ നിന്ന് നാടുകടത്തപ്പെട്ട ഒരാൾ എന്നിങ്ങനെയാണ് ലെഫ്. ഗവർണർക്ക് നാമനിർദ്ദേശം ചെയ്യാൻ സാധിക്കുക. ലെഫ്. ഗവർണർ മനോജ് സിൻഹയ്ക്ക് പ്രത്യേക അധികാരം നൽകിയത് ബിജെപിയെ സർക്കാർ രൂപീകരണത്തിന് സഹായിക്കുമെന്നാണ് പ്രധാന വിമർശനം.
അതേസമയം, എക്സിറ്റ് പോൾ ഫലങ്ങളിലാണ് കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം പ്രതീക്ഷയർപ്പിക്കുന്നത്. ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. എന്നാൽ, താഴ്വരയിൽ താമര വിരിയുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. ജമ്മു കശ്മീരിൽ ബിജെപി ഒരിക്കലും ഒറ്റയ്ക്ക് സർക്കാർ രൂപീകരിച്ചിട്ടില്ല. 2014-ലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പിഡിപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചിരുന്നു. എന്നാൽ 2018-ൽ ഈ സഖ്യത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
READ MORE: ഇറാനിൽ അപ്രതീക്ഷിത ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.4 തീവ്രത, ആണവ ബോംബ് പരീക്ഷിച്ചതെന്ന് സംശയം