ജമ്മു കശ്‌മീർ: മാധ്യമപ്രവർത്തകനെ വീട്ടിൽ നിന്ന് അർദ്ധരാത്രി പൊലീസ് അറസ്റ്റ് ചെയ്‌തു

By Web Team  |  First Published Aug 16, 2019, 12:14 PM IST

ഭരണഘടനയിൽ നിന്ന് ആർട്ടിക്കിൾ 370 ഉം, 35 എയും എടുത്തുകളഞ്ഞ ശേഷം ജമ്മു കശ്‌മീരിൽ അറസ്റ്റിലാകുന്ന ആദ്യ മാധ്യമപ്രവർത്തകനാണ് ഇർഫാൻ


ശ്രീനഗര്‍:  പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നിരോധനാജ്ഞ തുടരുന്ന കശ്മീരിൽ മാധ്യമപ്രവർത്തകനെ ഇന്നലെ അർദ്ധരാത്രി വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീരിലെ ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റർ കശ്‌മീരിലെ മാധ്യമപ്രവർത്തകനായ  ഇര്‍ഫാന്‍ അമീന്‍ മാലിക്ക് (26) നെയാണ് ബുധനാഴ്ച അര്‍ദ്ധരാത്രി പുല്‍വാമയിലെ ത്രാലില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

സി.ആര്‍.പി.എഫും സൈന്യവും രാത്രി 11:30 ഓടെ വീട്ടിലെത്തി ഇര്‍ഫാനോട് കൂടെ വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പിതാവ് മുഹമ്മദ് പറഞ്ഞു. പുൽവാമ ജില്ലയിലെ ത്രാൽ സ്വദേശിയാണ് ഇർഫാൻ. ഇർഫാനെ നേരെ ത്രാൽ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്നും ബുധനാഴ്ച രാത്രി മകനെ കാണാൻ തങ്ങളെ അനുവദിച്ചില്ലെന്നും മുഹമ്മദ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ ഇർഫാനെ കുടുംബം കണ്ട് സംസാരിച്ചു. ഇർഫാൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

Latest Videos

ഇർഫാനെ അറസ്റ്റ് ചെയ്ത കാര്യം മാധ്യമങ്ങളെ അറിയിക്കാൻ ശ്രീനഗർ വരെ കുടുംബം സഞ്ചരിച്ചു. കശ്മീരിൽ ഇപ്പോഴും ആശയവിനിമയ തടസ്സങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇത്രയും ദൂരം സഞ്ചരിക്കേണ്ടി വന്നത്. ഗ്രേറ്റർ കശ്മീർ അടക്കമുള്ള സ്ഥാപനങ്ങൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ജമ്മു കശ്മീർ സർക്കാരിന്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ച മീഡിയ ഫെസിലിറ്റേഷൻ സെന്റർ സന്ദർശിച്ചാണ് ഇർഫാന്റെ അറസ്റ്റ് വാർത്ത കുടുംബം മാധ്യമപ്രവർത്തകരെ അറിയിച്ചത്.

ഇർഫാനെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് പൊലീസ് സൂപ്രണ്ട് സലീം പറഞ്ഞതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജമ്മു കശ്‌മീർ സർക്കാർ വക്താവ് വിവരം രോഹിത് കൻസൽ, അറസ്റ്റ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അറിയിച്ചു. 

ഭരണഘടനയിൽ നിന്ന് ആർട്ടിക്കിൾ 370 ഉം, 35 എയും എടുത്തുകളഞ്ഞ ശേഷം ജമ്മു കശ്‌മീരിൽ അറസ്റ്റിലാകുന്ന ആദ്യ മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം. നിലവില്‍ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും രാഷ്ട്രീയനേതാക്കളും സംസ്ഥാനത്തെ ബിസിനസ് പ്രമുഖരുമുള്‍പ്പെടെ 1300 ഓളം ആളുകളെ കശ്മീരില്‍ വീട്ടു തടങ്കലില്‍ വെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

click me!