85 ശതമാനം പൊള്ളലേറ്റ രാധേശ്യാമിനെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് പിന്നാലെ നടന്ന ദാരുണമായ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. വെള്ളിയാഴ്ച പുലർച്ചെ ജയ്പൂർ-അജ്മീർ ഹൈവേയിൽ നടന്ന അപകടത്തിൽ ജയ്പൂരിലെ നാഷണൽ ബെയറിംഗ്സ് കമ്പനി ലിമിറ്റഡിലെ മോട്ടോർ മെക്കാനിക്കായ 32കാരനായ രാധേശ്യാം ചൗധരി എന്നായാൾ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ നടന്ന സ്ഫോടനത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിക്കുന്നുണ്ട്.
അപകടത്തിന് പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാധേശ്യാമിന്റെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടർന്നിരുന്നു. ഇതോടെ സഹായം അഭ്യർത്ഥിച്ച് രാധേശ്യാം നടന്നു. കാലിലും തീ പടർന്നതോടെ നടക്കാൻ കഴിയാതെ യുവാവ് നിസഹായനായി. രാധേശ്യാം ചൗധരിയുടെ സഹോദരൻ അഖേറാം പുലർച്ചെ 5.50ഓടെയാണ് അനിയൻ അപകടത്തിലാണെന്ന വിവരം അജ്ഞാതന്റെ ഫോൺ കോളിലൂടെ അറിയുന്നത്. അഖേറാം അപകട മേഖലയിലെത്തിയപ്പോൾ സഹോദരൻ റോഡിൽ കിടന്ന് മരണത്തോട് മല്ലിടുന്ന കാഴ്ചയാണ് കണ്ടത്. ശരീരത്തിൽ ആളിപ്പടർന്ന തീയുമായി രാധേശ്യാം 600 മീറ്ററോളം നടന്നെന്ന് ദൃക്സാക്ഷികൾ തന്നോട് പറഞ്ഞതായി അഖേറാം പിന്നീട് വെളിപ്പെടുത്തി. സഹായിക്കേണ്ടതിന് പകരം സമീപത്തുണ്ടായിരുന്ന മിക്കവരും വീഡിയോ പകർത്തുകയായിരുന്നുവെന്നും അഖേറാം പറഞ്ഞു.
undefined
ഗതാഗതക്കുരുക്ക് കാരണം ആംബുലൻസ് വരാൻ വൈകുമെന്ന് മനസ്സിലാക്കിയ അഖേറാമും മറ്റ് ചിലരും ചേർന്ന് രാധേശ്യാമിനെ കാറിൽ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. ആശുപത്രിയിലേയ്ക്ക് പോകുമ്പോൾ രാധേശ്യാമിന് ബോധമുണ്ടായിരുന്നുവെന്ന് അഖേറാം പറഞ്ഞു. കഠിനമായ വേദനയ്ക്കിടയിലും തന്നെ ഈ വിവരം അറിയിക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചാണ് രാധേശ്യാം നടന്നതെന്നും അപകടത്തിന് മുമ്പ് ഭൂമി കുലുങ്ങുന്നത് പോലെ തോന്നിയെന്നും പിന്നീട് തീ ജ്വാലകൾ മാത്രമാണ് കണ്ടതെന്നും രാധേശ്യാം പറഞ്ഞതായി അഖേറാം കൂട്ടിച്ചേർത്തു. 85 ശതമാനം പൊള്ളലേറ്റ രാധേശ്യാമിനെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.