ആരോഗ്യ മേഖലയിലെ പരിശോധനയ്ക്ക് പ്രതിരോധ മന്ത്രാലയ സംഘമെത്തിയത്, ദുരൂഹമെന്നാണ് സന്ദര്‍ശനത്തെ എതിര്‍ക്കുന്നവരുടെ വാദം. അതേ സമയം പരിശോധന ഫലം വേഗത്തിൽ കിട്ടാൻ സഹായിക്കുന്നതാണ് പരീക്ഷണമെന്ന് ചില ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു
ദില്ലി: മുപ്പത് സെക്കന്‍റിനുള്ളില്‍ കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്ന റാപ്പിഡ് കിറ്റുകളുടെ പരീക്ഷണത്തിനായി, ഇസ്രയേലി സംഘം ദില്ലിയിൽ എത്തിയതിനെ ചൊല്ലി വിവാദം. ആരോഗ്യ മേഖലയിലെ പരിശോധനയ്ക്ക് പ്രതിരോധ മന്ത്രാലയ സംഘമെത്തിയത്, ദുരൂഹമെന്നാണ് സന്ദര്‍ശനത്തെ എതിര്‍ക്കുന്നവരുടെ വാദം. അതേ സമയം പരിശോധന ഫലം വേഗത്തിൽ കിട്ടാൻ സഹായിക്കുന്നതാണ് പരീക്ഷണമെന്ന് ചില ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ച രോഗികളില്‍ നിന്ന് ഉമിനീരിന്‍റെ സാമ്പിളടക്കം ശേഖരിച്ചുള്ള പരീക്ഷണത്തിനായാണ് ഇസ്രയേലി പ്രതിരോധ സ്ഥാപനമായ ഡിആര്‍ഡിഡി പ്രതിനിധികള്‍ ദില്ലിയിലെത്തിയത്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ സഹകരണത്തോടെയാണ് പരീക്ഷണം. മുപ്പത് സെക്കന്‍റിനുള്ളില്‍ കൊവിഡ് പരിശോധന നടത്തുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പരീക്ഷണമാണ് നടക്കുന്നത്. ഇതിനായി ഇന്ത്യയിലെ അയ്യായിരം രോഗികളുടെ ഉമിനീര്‍ സാമ്പിളുകള്‍ ഇസ്രായേലി സംഘം ശേഖരിക്കും. രോഗികളുടെ വിവരം മറ്റൊരു രാജ്യത്തിന് കൈമാറുന്നത് എന്ത് ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് എന്നാണ് വിമര്‍ശകരുടെ ചോദ്യം.
ഇസ്രയേലി സംഘം ഇന്ത്യയിലെത്തി തൊട്ടടുത്ത ദിവസം തന്നെ ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ ആരോഗ്യ മന്ത്രാലയ സ്ക്രീനിങ് കമ്മിറ്റി അനുമതി നല്‍കിയത് ക്വാറന്‍റീന്‍ ചട്ട ലംഘനമാണെന്നും ആരോപണമുയരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ വേഗത്തില്‍ പരിശോധനാഫലം ലഭിക്കുന്നതിനുള്ള പരീക്ഷണങ്ങളെ പിന്തുണയ്ക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഐസിഎംആർ മേധാവി ഉൾപ്പെട്ട ആരോഗ്യമന്ത്രാലയ സ്ക്രീനിംഗ് കമ്മിറ്റിയാണ് ഈസമാന്തര പരിശോധനയ്ക്ക് അനുമതി നല്കിയത്. വിവാദത്തോട് ഡിആർഡിഒപ്രതികരിച്ചിട്ടില്ല.