ലക്ഷദ്വീപ് സന്ദര്‍ശിക്കാൻ ആഹ്വാനം ചെയ്ത് ഇസ്രയേൽ; മാലദ്വീപിനെതിരെ ഇന്ത്യയെ പിന്തുണച്ച് നിലപാട്

By Web Team  |  First Published Jan 8, 2024, 4:44 PM IST

ലോകമാകെയുള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്


ദില്ലി: മാലദ്വീപ് തര്‍ക്കത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ. ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാ​ഗോടെ ഇസ്രയേൽ എംബസി സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ഇട്ടു. ലക്ഷദ്വീപിൽ ജലശുദ്ദീകരണ പദ്ധതിയുടെ ഭാ​ഗമായി ഇസ്രയേൽ ഉണ്ട്, ഈ പദ്ദതി ഉടൻ നടപ്പാക്കാൻ ഇസ്രയേൽ തയാറാണെന്നും നാളെ തന്നെ പണി ആരംഭിക്കുമെന്നും ട്വീറ്റിൽ പറയുന്നു. ഒപ്പം ലോകമാകെയുള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മോദി ഇസ്രയേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി നേരത്തെ വിമര്‍ശിച്ചത് വിവാദമായതോടെയാണ് എംബസി പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്.

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ മാലദ്വീപിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. മാലദ്വീപ് ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. മാലദ്വീപിനെ ബഹിഷ്ക്കരിക്കണം എന്ന സാമൂഹ്യ മാധ്യമ പ്രചാരണത്തിനിടെ ദ്വീപിലേക്കുള്ള ബുക്കിംഗുകൾ ഈസ് മൈ ട്രിപ്പ് റദ്ദാക്കി. ഇന്ത്യൻ ഹൈക്കമ്മീഷണറെ മാലദ്വീപും വിളിച്ചു വരുത്തി. നേരത്തെ  ഇന്ത്യൻ നയതന്ത്ര പ്രതിനിധി മാലദ്വീപ് ഭരണകൂടത്തെ അതൃപ്തി അറിയിച്ചിരുന്നു. കൂടുതൽ പ്രകോപനം ഉണ്ടായാൽ  ഇന്ത്യ തുടർ നടപടികളെ കുറിച്ച് ആലോചിക്കും. 

Latest Videos

undefined

സമൂഹമാധ്യമങ്ങളിൽ മാലദ്വീപ് സർക്കാറിന്റെ നിലപാടിനെതിരായ പ്രതിഷേധം തുടരുകയാണ്. ബോയ്കോട്ട് മാലദ്വീപ്, എക്സ്പ്ലോർ ഇന്ത്യൻ ഐലന്റ്സ് എന്നീ ഹാഷ്ടാ​ഗുകൾ എക്സിൽ തരം​ഗമാണ്. നിരവധി പേർ മാലദ്വീപിലേക്കുളള യാത്രകൾ റദ്ദാക്കി. ഇതുവരെ 8000 ഹോട്ടൽ ബുക്കിം​ഗുകളും 2500 വിമാനടിക്കറ്റ് ബുക്കിം​ഗും ക്യാൻസൽ ചെയ്തതായാണ് റിപ്പോർട്ട്. മാലദ്വീപ് ഇന്ത്യക്കെതിരെ തിരിയുന്നത് കോൺഗ്രസ്  ആയുധമാക്കുകയാണ്.  അയൽ രാജ്യങ്ങളിൽ ചൈന പിടിമുറുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മനീഷ് തിവാരി എംപി വിമർശിച്ചത്, ദക്ഷിണേഷ്യയിൽ ഇപ്പോൾ ഇന്ത്യക്ക് എന്ത് സ്വാധീനമാണുള്ളതെന്ന് മനീഷ് തിവാരി ചോദിച്ചു.

ഇന്ത്യ ബന്ധത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ചൈനയിലെത്തി. 5 ദിന പര്യടനത്തിൽ സുപ്രധാന കരാറുകൾ ഒപ്പിടും. ഇന്ത്യൻ പ്രധാനമന്ത്രിയെ അപഹസിച്ച  മന്ത്രിമാർക്കെതിരെ മാലദ്വീപിലും പ്രതിഷേധം ഉയ‍ര്‍ന്നിട്ടുണ്ട്. മാലദ്വീപിൽ പുതിയ പ്രസിഡന്റ് അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യ ആയിരിക്കും എന്ന കീഴ്വഴക്കം തെറ്റിച്ച ഭരണാധികാരി ആണ് മൊഹമ്മദ് മൊയിസു. നവംബറിൽ അധികാരമേറ്റ മൊയിസു തുർക്കി അടക്കം സന്ദർശിച്ചിട്ടും ഇന്ത്യയിൽ എത്താൻ കൂട്ടാക്കിയിരുന്നില്ല. ഇപ്പോൾ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിന്റെ ക്ഷണം സ്വീകരിച്ച് ആണ് മൊയിസു ബെയ്‌ജിങ്ങിൽ എത്തിയിരിക്കുന്നത്.

ന്ത്യ എന്ന നല്ല അയൽക്കാരനെതീരെ വിദ്വേഷ ഭാഷ പ്രയോഗിച്ച മന്ത്രിമാരുടെ നടപടിയെ അപലപിക്കുന്നുവെന്ന് മുൻ മാലദ്വീപ്  പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സാലിഹ് വ്യക്തമാക്കി.  മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ്, മുൻ ഡെപ്യുട്ടി സ്പീക്കർ ഇവ അബ്ദുല്ല എന്നിവരും മന്ത്രിമാർക്ക് എതിരെ രംഗത്തുവന്നു. മന്ത്രിമാരുടെ ലജ്ജാകരവും വംശീയവുമായ പരാമർശങ്ങൾക്ക്  ഇന്ത്യയോട് താൻ ക്ഷമ ചോദിക്കുന്നതായി ഇവ അബ്ദുല്ല പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!