ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൌരനായ ഒരാളെ സുരക്ഷാ സേന വധിച്ചു. അതിർത്തി പ്രദേശത്തുനിന്ന് നുഴഞ്ഞുകയറിയ മറ്റൊരാളെ പിടികൂടിയതായും അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു.
ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൌരനായ ഒരാളെ സുരക്ഷാ സേന വധിച്ചു. അതിർത്തി പ്രദേശത്തുനിന്ന് നുഴഞ്ഞുകയറിയ മറ്റൊരാളെ പിടികൂടിയതായും അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു. പ്രദേശത്ത് പരിശോധന നടത്തി വരികയാണെന്നും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായും ബിഎസ്എഫ് അറിയിച്ചു.
ജമ്മുവിലെ അർണിയ സെക്ടറിലെ ഇന്ത്യ- പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾ അക്രമ സ്വഭാവം കാണിച്ച് അതിർത്തി വേലിക്ക് അടുത്ത് വരികയായിരുന്നു എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാളോട് നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് വരികയായിരുന്നു. ഇതോടെ, ബിഎസ്എഫ് സൈനികർ ഇയാളെ വെടിവച്ചു കൊന്നു. കൂടുതൽ പേർ ഉണ്ടോ എന്നതടക്കം പരിശോധിക്കാൻ പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്- സൈനികനെ ഉദ്ധരിച്ച് ഹുന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Read more: മംഗളൂരു സ്ഫോടനം: ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരീഖ് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
അതേസമയം സാംബ ജില്ലയിലാണ് അതിർത്തി കടന്നെത്തിയ മറ്റൊരു നുഴഞ്ഞുകയറ്റക്കാരനെ പിടികൂടിയത്. ഇയാളുടെ പക്കൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബിഎസ്എഫ് അറിയിച്ചു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം നടന്നിരുന്നു. നൗഷേര സെക്ടറിലാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചിരുന്നു.
കഴിഞ്ഞ പതിനഞ്ചിന് പഞ്ചാബിലെ അമൃത്‌സർ മേഖലയിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ അതിർത്തി സുരക്ഷാ സേന ക്വാഡ്-കോപ്റ്റർ സ്‌പോർട്‌സ് ഡ്രോൺ വെടിവച്ചിട്ട സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഈ അതിർത്തിയിൽ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമായിരുന്നു ഇത്. 12 കിലോഗ്രാം ഭാരമുള്ള ഡ്രോണിൽ നാല് പ്രൊപ്പല്ലറുകൾ ഉണ്ടായിരുന്നു. രാത്രി 9.15 ഓടെ അമൃത്സർ സെക്ടറിലെ റാനിയ അതിർത്തി പോസ്റ്റിന് സമീപം ബിഎസ്എഫിന്റെ 22-ാം ബറ്റാലിയൻ സൈന്യം ഡ്രോൺ വെടിവച്ചിടുകയായിരുന്നു.
ഡ്രോണിൽ കയറ്റുകയും കടത്തുകയും ചെയ്ത ചില ചരക്കുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു. ഒക്ടോബർ 13ന് പാതിരാത്രിയിൽ നടന്ന സമാനമായ ഒരു സംഭവത്തിൽ പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിൽ ബിഎസ്എഫ് ഒരു വലിയ (ക്വാഡ് കോപ്റ്റർ) പാകിസ്ഥാൻ ഡ്രോൺ വെടിവച്ചിട്ടിരുന്നു.