വന്നത് സൈന്യത്തിലെ ക്യാപ്റ്റനെന്ന് പറഞ്ഞ്, സഹായിക്കാമെന്നും വാഗ്ദാനം; കുറച്ച് സംസാരിച്ചപ്പോൾ ചെറിയൊരു സംശയം

By Web Team  |  First Published Nov 5, 2024, 3:07 PM IST

സൈനിക യൂണിഫോമും പദവി മുദ്രകളുമൊക്കെ ഇയാളുടെ പക്കലുണ്ടായിരുന്നു. പിന്നീടാണ് പാചകക്കാരനായി ജോലി ചെയ്തപ്പോഴുള്ള അറിവാണെന്ന് മനസിലായത്. 


ബറേലി: സൈന്യത്തിലെ ക്യാപ്റ്റനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ജയിലിൽ കഴിയുന്ന ബന്ധുക്കളെ പുറത്തിറക്കാൻ സഹായിക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. സൈനിക യൂണിഫോമും മറ്റുമൊക്കെ ഉണ്ടായിരുന്നെങ്കിലും കുറച്ച് നേരം സംസാരിച്ചപ്പോൾ കള്ളി വെളിച്ചത്തായി.

രവി കുമാർ എന്ന യുവാവാണ് ബറേലിയിലെ ഷാജഹാൻപൂർ സ്വദേശിയായ ചന്ദൻ പാൽ എന്നയാളെ തേടി വീട്ടിലെത്തിയത്. സൈനിക യൂണിഫോമിലായിരുന്നു വരവ്. ചന്ദൻ പാലിന്റെ രണ്ട് ബന്ധുക്കൾ ഒരു കൊലപാതക കേസിൽ പിലിബിത്ത് ജയിലിൽ കഴിയുന്നുണ്ട്. വീട്ടിലെത്തിയ രവി കുമാർ, താൻ സൈന്യത്തിൽ ക്യാപ്റ്റനാണെന്നും ജയിലിൽ കഴിയുന്ന ബന്ധുക്കളെ പുറത്തിറക്കാൻ സഹായിക്കാമെന്നും അറിയിച്ചു. പക്ഷേ പകരം 50,000 രൂപ നൽകണമെന്നായിരുന്നു ഡിമാൻഡ്. 

Latest Videos

എന്നാൽ രവിയുടെ പെരുമാറ്റത്തിൽ ചില അസ്വഭാവികതകൾ അനുഭവപ്പെട്ടതോടെ ചന്ദന് സംശയമായി. ഇയാൾ പൊലീസിന് വിവരം കൈമാറി. തിക്രി ചെക് പോയിന്റിൽ വെച്ച് പൊലീസ് ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. സൈന്യത്തെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ പോലും ഇയാൾക്ക് അറിയില്ലെന്ന് സംസാരത്തിൽ തന്നെ പൊലീസുകാർക്ക് ബോധ്യപ്പെട്ടു. ഇതോടെ വിശദമായ ചോദ്യം ചെയ്യലായി. ഇതോടെയാണ് താൻ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെന്നും ഇയാൾ സമ്മതിച്ചത്. 

പരിശോധനയിൽ മോട്ടോർ സൈക്കിളിനും മൊബൈൽ ഫോണിനും പുറമെ നരേഷ് കുമാർ എന്നയാളുടെ പേരിലുള്ള ആർമി ക്യാന്റീൻ സ്മാർട്ട് കാർഡ്, സൈനിക യൂണിഫോമിന്റെ ഭാഗമായ ബെൽറ്റ്, ബൂട്ടുകൾ, പദവി മുദ്രകൾ എന്നിവയും കണ്ടെടുത്തു. ബറേലിയിൽ ജാട്ട് റെജിമെന്റിലെ ഒരു സൈനിക ഉദ്യോഗസ്ഥന്റെ പാചകക്കാരനായി താൻ കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ടെന്നും അപ്പോഴാണ് സൈന്യത്തിന്റെ ചില വിവരങ്ങൾ മനസിലാക്കിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

click me!