ആദ്യമായി വിമാനത്തിൽ കയറാനെത്തിയയാൾക്ക് മറ്റൊരാളുടെ ബാഗിൽ സംശയം; ഇന്റിഗോ വിമാനം മൂന്ന് മണിക്കൂറിലധികം വൈകി

By Web Team  |  First Published Nov 11, 2024, 5:17 AM IST

അഗർത്തലയിലേക്ക് പോകാൻ മറ്റൊരു വിമാനത്തിൽ കയറാൻ കാത്തിരിക്കുകയായിരുന്ന യാത്രക്കാരനാണ് ചെന്നൈ വിമാനത്തിൽ കയറിയ ഒരാളെക്കുറിച്ച് സംശയം പറഞ്ഞത്. 


കൊൽക്കത്ത: വിമാനത്തിൽ കയറിയ ഒരു യാത്രക്കാരന്റെ ബാഗിനെക്കുറിച്ച് മറ്റൊരാൾ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ മണിക്കൂറുകളോളം ജാഗ്രതാ നിർദേശം നൽകി. ബാഗിൽ സ്‍ഫോടക വസ്തുക്കളുണ്ടെന്നാണ് ഇയാൾ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും വിമാനക്കമ്പനി ജീവനക്കാരെയും അറിയിച്ചത്. തുടർന്ന് പ്രോട്ടോക്കോൾ പ്രകാരം ജാഗ്രതാ നിർദേം പ്രഖ്യാപിച്ച് വിമാനത്തിൽ പരിശോധന നടത്തി. ആശങ്ക അടിസ്ഥാനരഹിതമായിരുന്നെന്ന് പിന്നീട് വ്യക്തമായി.

ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ എയർലൈൻസിന്റെ 6E 892 വിമാനമാണ് വൈകിയത്.  കൊൽക്കത്തയിൽ നിന്ന് അഗർത്തലയിലേക്ക് പോകേണ്ട 6E 6173 വിമാനത്തിൽ പോകേണ്ടിയിരുന്ന ഒരു യാത്രക്കാരൻ വിമാനത്താവളത്തിലെ പതിനെട്ടാം ഗേറ്റിന് സമീപം ബോർഡിങ് കോൾ കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് ചെന്നൈ വിമാനത്തിൽ കയറിയ ഒരു യാത്രക്കാരന്റെ ബാഗിൽ തനിക്ക് സംശയമുണ്ടെന്ന് ഇയാൾ വിമാനക്കമ്പനി ഉദ്യോഗസ്ഥരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറിയിച്ചത്. സംശയം പ്രകടിപ്പിത്ത ബാഗ് ഇന്റിഗോ വിമാനക്കമ്പനിയിലെ തന്നെ ഒരു ജീവനക്കാരന്റേതായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് പ്രോട്ടോക്കോൾ പ്രകാരം വിമാനത്തിൽ കർശന പരിശോധന നടത്തി. നേരത്തെ വിമാനത്തിൽ കയറിയ യാത്രക്കാരെയെല്ലാം തിരിച്ചറിക്കി. സംശയം ഉന്നയിക്കപ്പെട്ടത് ഉൾപ്പെടെ എല്ലാ ബാഗുകളും പരിശോധിച്ചു. ഒടുവിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. 

Latest Videos

undefined

തെറ്റായ വിവരം നൽകിയതിന് ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വൈദ്യ പരിശോധന നടത്തിയ ശേഷം പിന്നീട് നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവള പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. രാത്രി വൈകിയും ഇയാളെ ചോദ്യം ചെയ്യുകയാണ്. ആദ്യമായി വിമാനത്തിൽ കയറാനെത്തിയ ആളായിരുന്നതിനാൽ അതിന്റെ ആശങ്കയിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഇയാളുടെ മാനസിക നിലയും പരിശോധിക്കും. 3 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം നടപടികൾ പൂർത്തിയാക്കി രാത്രി 6.19നാണ് പുറപ്പെട്ടത്. ചെന്നെയി. 9 മണിക്കാണ് വിമാനം എത്തിയത്.

(പ്രതീകാത്മക ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!