ലക്ഷ്യമിട്ടതിനേക്കാള്‍ രാജ്യത്തെ വാക്സിന്‍ ഉത്പാദനം കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ട്

By Web Team  |  First Published May 21, 2021, 11:26 AM IST

ഇന്ത്യയില്‍ ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിവിധ വാക്സിനുകള്‍ ഉള്‍പ്പെടുത്തി 146 കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ച മുന്‍പ് പ്രതീക്ഷ പ്രകടപ്പിച്ചത്. 


ദില്ലി: ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയില്‍ പ്രതീക്ഷിച്ച രീതിയില്‍ വാക്സിന്‍ ഉത്പാദനം നടക്കില്ലെന്ന് റിപ്പോര്‍ട്ട്. വ്യത്യസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് വാര്‍ത്ത ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിവിധ വാക്സിനുകള്‍ ഉള്‍പ്പെടുത്തി 146 കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ച മുന്‍പ് പ്രതീക്ഷ പ്രകടപ്പിച്ചത്. ഇത് സാധ്യമാകില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.

ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ അഞ്ചു മാസത്തില്‍ ഉത്പാദിപ്പിക്കുന്ന 146 കോടി ഡോസ് വാക്സിനുകളില്‍ 750 ദശലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഉണ്ടാകും എന്നാണ് സര്‍ക്കാര്‍  പ്രഖ്യാപിച്ചത്. എന്നാല്‍ വരുന്ന ജൂലൈയില്‍ മാത്രമാണ് ഈ വാക്സിന്‍റെ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ 100 ദശലക്ഷം മുതല്‍ 110 ദശലക്ഷം വരെ ഡോസ് മാസത്തില്‍ ഉത്പാദിപ്പിക്കുന്ന ശേഷിയില്‍ എത്തുവെന്നാണ് റിപ്പോര്‍ട്ട്. അത് സമീപഭാവിയില്‍ വര്‍ദ്ധിപ്പിക്കാനും ഇടയില്ല. അപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡോസുകളില്‍ നിന്നും 27 ശതമാനം കുറവായിരിക്കും അത് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നു.

Latest Videos

undefined

അതേ സമയം റോയിട്ടേര്‍സിന് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ മാത്രം 200 ദശലക്ഷം ഡോസുകളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് എന്നാണ് പറയുന്നത്. ഇത് മൂന്ന് വാക്സിനുകളും ചേര്‍ത്താണ്. ഇതില്‍ 100 ദശലക്ഷം ഡോസ് കോവിഷീല്‍ഡാണ്. അതേ  സമയം വാക്സിന്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ഈ വൃത്തം തയ്യാറായില്ലെന്ന് റോയിട്ടേര്‍സ് വ്യക്തമാക്കുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം, കോവാക്സിന്‍ നിര്‍മ്മാതാക്കളായ ഭരത് ബയോടെക്, റഷ്യന്‍ വാക്സിന്‍റെ ഇന്ത്യയിലെ നിര്‍മ്മാതാക്കളായ റെഡ്ഡിസ് എന്നിവരും വാക്സിന്‍ നിര്‍മ്മാണം സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് റോയിട്ടേര്‍സ് പറയുന്നു. അതേ സമയം കോവാക്സിന്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ വാക്സിന്‍ ഉത്പാദനം മാസം 500 ദശലക്ഷം ഡോസ് എന്ന നിലയിലേക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് കഴിഞ്ഞ മാസം അറിയിച്ചത്. 

അതേ സമയം മറ്റു വാക്സിനുകളുടെ സാധ്യതയും തേടുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. ഇന്ത്യയില്‍ അനുമതി നല്‍കാനുള്ള വാക്സിനുകളുടെ 866 ദശലക്ഷം ഡോസുകള്‍ ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇത് കൂടി ചേര്‍ത്താല്‍ നേരത്തെ പ്രഖ്യാപിച്ചത് അടക്കം ഇന്ത്യയില്‍ 2.67 ശതകോടി ഡോസ് വാക്സിന്‍ ഈ വര്‍ഷം ലഭ്യമാക്കാം എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. അതേ സമയം ഈ വര്‍ഷം അവസാനം വരെ വാക്സിന്‍റെ കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണ് ഇന്ത്യയിലെ വാക്സിന്‍ നിര്‍മ്മാതാക്കള്‍‍. 

ഇന്ത്യയില്‍ ഇതുവരെ 187 ദശലക്ഷം ഡോസ് വാക്സിന്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ചൈനയും യുഎസ്എയും കഴിഞ്ഞാല്‍ ഏറ്റവും കൂടിയ വാക്സിന്‍ നിരക്കാണ് ഇത്. എന്നാല്‍ ജനസംഖ്യ നോക്കിയാല്‍ മൊത്തം ജനസംഖ്യയുടെ 3 ശതമാനം മാത്രമാണ് ഇത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!