ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. കപ്പൽ റാഞ്ചിയവരെ നേരിടാനുള്ള നീക്കങ്ങൾ തുടങ്ങി
കൊച്ചി: അറബിക്കടലിൽ അഞ്ചംഗ സംഘം റാഞ്ചിയ ചരക്ക് കപ്പലിന് അടുത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ എത്തി. സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയൻ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പലാണ് റാഞ്ചിയത്. ഐഎൻഎസ് ചെന്നൈ കപ്പലിൽ നിന്ന് ഹെലികോപ്റ്റര്‍ കപ്പലിന് അടുത്തേക്ക് അയച്ചു. കുറ്റവാളികളോട് കപ്പൽ ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നൽകി. കപ്പലിലെ ഇന്ത്യാക്കാരായ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് നാവികസേന പറയുന്നു. നാവികസേനയുടെ മറൈൻ കമ്മാന്റോസ് ഏത് നീക്കത്തിനും തയ്യാറായി ഇരിക്കുകയാണെന്നും നാവികസേന അറിയിച്ചു.
ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. കപ്പൽ റാഞ്ചിയവരെ നേരിടാനുള്ള നീക്കങ്ങൾ തുടങ്ങി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്ക് കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകളാണ് വിന്യസിച്ചത്.