ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ച് വരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്.
ദില്ലി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ച് വരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്. അസംബന്ധവും അടിസ്ഥാന രഹിതവുമായ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നുവെന്ന കുറിപ്പ് കൈമാറിയിട്ടുണ്ട്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
നിജ്ജര്‍ കൊലപാതകത്തിലും കാനഡയെ നിരീക്ഷിക്കുന്നതിലുമടക്കം അമിത് ഷാക്ക് പങ്കുണ്ടെന്ന് സുരക്ഷകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പില്‍ കനേഡിയന്‍ വിദേശകാര്യ സഹമന്ത്രിയും സുരക്ഷ ഉപദേഷ്ടാവും സ്ഥിരീകരിച്ചാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കുന്നുവെന്ന കുറിപ്പ് ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി കുറിപ്പ് കൈമാറി. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ നീക്കമാണെന്നും ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
കാനഡയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ സദാ നിരീക്ഷണത്തിലാണ്. നയതന്ത്ര ബന്ധങ്ങള്‍ക്ക് വിരുദ്ധമാണ് നടപടികളെന്ന മുന്നറിയിപ്പ് നിരന്തരം കാനഡ അവഗണിക്കുകയാണ്. അവിടെയുള്ള ഇന്ത്യക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷയില്‍ ആശങ്കയുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. നിജ്ജര്‍ കൊലപാതകം മുതലിങ്ങോട്ട് ആടിത്തുടങ്ങിയ ഇന്ത്യ കാനഡ നയന്ത്ര ബന്ധം അമിത് ഷാക്കെതിരെ ആരോപണമുന്നയിക്കപ്പട്ടോതോടെ കൂടുതല്‍ വഷളായി. നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതില്‍ തുടങ്ങിയ ഉരസല്‍ കടുത്ത ഉപരോധങ്ങളിലേക്കടക്കം നീങ്ങിയേക്കാമെന്നാണ് സൂചന.
ഇന്ത്യ ഭീകരൻ ആയി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വർഷം ജൂൺ 18 ന് ആണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്. പക്ഷേ ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ - കാനഡ ബന്ധത്തെ വലിയ തോതിൽ ബാധിച്ചിരുന്നു. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം