ചൈനീസ് അതിർത്തിയിലെ സ്ഥിതി സങ്കീർണ്ണമായി തുടരുമ്പോഴാണ് ഇന്ത്യ അറബ് രാജ്യങ്ങളുടെ ഉൾപ്പെടെ പിന്തുണ ഉറപ്പാക്കി വ്യോമാഭ്യാസം സംഘടിപ്പിക്കുന്നത്.
ദില്ലി: ഇന്ത്യയുടെ അന്താരാഷ്ട്ര വ്യോമാഭ്യാസമായ തരംഗ് ശക്തി 2024ന് തുടക്കം. വ്യോമാഭ്യാസത്തിന്‍റെ ഭാഗമാകാൻ ക്ഷണിച്ചത് 51 രാജ്യങ്ങളെയാണ്. 30 രാജ്യങ്ങൾ പങ്കെടുക്കും. തമിഴ്നാട്ടിലെ സുലൂരിലും രാജസ്ഥാനിലെ ജോധ്പൂരിലുമാണ് പരിപാടി നടക്കുക.
രണ്ട് മാസം നീണ്ടു നിൽക്കുന്ന വ്യോമാഭ്യാസം. വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ നിന്നുമായി 80 ലധികം സൈനിക വിമാനങ്ങൾ. അമേരിക്ക, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, യുകെ, ഓസ്ട്രേലിയ, ഗ്രീസ്, യുഎഇ, സിംഗപ്പൂർ ഉൾപ്പെടെ രാജ്യങ്ങൾ അവരുടെ സൈനിക വിമാനങ്ങളുമായി പരിപാടിയുടെ ഭാഗമാകും. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സൈനിക സഹകരണത്തിന്റെ ശക്തി വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് വ്യോമസേന ഉപമേധാവി എയർ മാർഷൽ എ പി സിംഗ് പറഞ്ഞു.
തമിഴ്നാട്ടിലെ സൂലൂരിലാണ് ആദ്യ ഘട്ടം നടക്കുക. 12 ലധികം രാജ്യങ്ങൾ ഇവിടുത്തെ അഭ്യാസ പ്രകടനങ്ങളുടെ ഭാഗമാകും. ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 14 വരെയാണ് ജോധ് പൂരിൽ പരിപാടി നടക്കുക. 18 രാജ്യങ്ങൾ ഇതിൽ പങ്കെടുക്കും. തേജസ്, റഫാൽ, മിറാഷ് 2000, ജാഗ്വാർ ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമസേന വിമാനങ്ങളും പരിപാടിയിൽ പങ്കെടുക്കും. പരിശീലന പരിപാടികൾ പ്രതിരോധ പ്രദർശനങ്ങൾ, സാംസ്കാരിക വിനിമയ പരിപാടികൾ എന്നിവയും അഭ്യാസ പ്രകടനത്തിന്റെ ഭാഗമാകുന്നുണ്ട്. ചൈനീസ് അതിർത്തിയിലെ സ്ഥിതി സങ്കീർണ്ണമായി തുടരുമ്പോഴാണ് ഇന്ത്യ അറബ് രാജ്യങ്ങളുടെ ഉൾപ്പെടെ പിന്തുണ ഉറപ്പാക്കി വ്യോമാഭ്യാസം സംഘടിപ്പിക്കുന്നത്.